തമിഴ്‌നാട്ടില്‍ മൂന്ന് ദലിതരെ കൊലപ്പെടുത്തിയ കേസില്‍ 27 പേര്‍ക്ക് ജീവപര്യന്തം

Update: 2022-08-06 02:37 GMT

ശിവഗംഗ: 2018ല്‍ തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കച്ചനത്തം ഗ്രാമത്തില്‍ മൂന്ന് ദളിതരെ കൊലപ്പെടുത്തിയ കേസില്‍ 27 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പട്ടികജാതി പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ആഗസ്റ്റ് ഒന്നിന് 27 പ്രതികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ജഡ്ജ് ജി മുത്തുകുമാരന്‍ ശിക്ഷ പ്രഖ്യാപിച്ചത്.

2018 മെയ് 28ന് രാത്രിയാണ് ശിവഗംഗ ജില്ലയിലെ തിരുപ്പച്ചെട്ടിക്കടുത്തുള്ള കച്ചനന്തം ഗ്രാമത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അറുമുഖം (65), ഷണ്‍മുഖനാഥന്‍ (31), ചന്ദ്രശേഖര്‍ (34) എന്നിവര്‍ കൊലചെയ്യപ്പെട്ടത്.

ക്ഷേത്രോത്സവത്തില്‍ അര്‍ച്ചന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മേല്‍ജാതിക്കാരാണ് ഇവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ അഞ്ച് ദളിതര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ താനശേഖരന്‍ (32) സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം മരിച്ചു.

അവറങ്ങാട് വില്ലേജിലെ സുമന്‍, അരുണ്‍കുമാര്‍, ചന്ദ്രകുമാര്‍, അഗ്‌നിരാജ്, രാജേഷ് എന്നിവരടക്കം 33 പേര്‍ക്കെതിരെയാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. നാല് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. അതില്‍ രണ്ട് പേര്‍ വിചാരണയ്ക്കിടെ മരിച്ചു. ഒരാള്‍ ഒളിവില്‍ പോയി.

Tags:    

Similar News