മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയുടെ കപ്പല്‍ തീപിച്ചു. സംഭവത്തില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ തീരത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. മുംബൈ തീരത്ത് നിന്നും 92 നോട്ടിക്കല്‍ മൈല്‍ അകലെ തമ്പടിച്ചിരുന്ന ഗ്രേറ്റര്‍ഷിപ്പ് രോഹിണി എന്ന കപ്പലിലാണ് അഗ്‌നിബാധയുണ്ടായത്.
കപ്പലിലെ എന്‍ജിനീയര്‍ അങ്കമാലി, കോടുശ്ശേരി, തെങ്കന്‍ വാഴക്കാല വീട്ടില്‍ ആന്റണിയുടെ മകന്‍ അനിത് ആന്റണി (31), ഫിറ്റര്‍ അക്ഷയ് നികം, ഓയിലര്‍ രഞ്ജിത് സാവന്ത് എന്നിവരുടെ മൃതദേഹമാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തീപിടിത്തത്തില്‍ 95 ശതമാനം പൊള്ളലേറ്റ ഇലക്ട്രിക്കല്‍ ഓഫിസര്‍ ഗുര്‍ബീന്ദര്‍ സിങിനെ ഹെലികോപ്റ്റര്‍ മാര്‍ഗം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലാണ്. എന്‍ജിന്‍ മുറിയിലെ പുക കാരണം തിരച്ചില്‍ തടസ്സപ്പെടുകയായിരുന്നു. കപ്പല്‍ ഇന്ന് കരക്കടുപ്പിക്കും.
തീയണയ്ക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ഹെലിപോപ്റ്ററുകളുമാണ് നിയോഗിച്ചത്. കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 18 ജീവനക്കാരില്‍ 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരെ കാണാതാവുകയായിരുന്നു.