ബംഗളൂരുവില്‍ കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് നാല് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു
ബംഗളൂരു: ബംഗളൂരുവിന് സമീപം നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ മതില്‍ ഇടിഞ്ഞുവീണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഇന്ന് രാവിലെ ഹൊസ്‌കോട്ട് ടൗണിനടുത്തുള്ള തിരുമലഷെട്ടിഹള്ളിയിലാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. മനോജ് കുമാര്‍ സദയ്, രാം കുമാര്‍ സദയ്, നിതീഷ് കുമാര്‍ സദയ് എന്നിവരാണ് മരിച്ചത്. മറ്റൊരാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മതില്‍ തകര്‍ന്നുവീഴുമ്പോള്‍ മരിച്ചവര്‍ ഷെഡിനുള്ളില്‍ ഉറങ്ങുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് നാല് തൊഴിലാളികളെ പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മരിച്ചവരെല്ലാം ഉത്തര്‍പ്രദേശ് സ്വദേശികളാണ്. നിര്‍മാണത്തിലിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മതിലിനോട് ചേര്‍ന്നുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. എട്ട് തൊഴിലാളികളും ബുധനാഴ്ച വൈകുന്നേരം ജോലി പൂര്‍ത്തിയാക്കിയ ശേഷം ഷെഡില്‍ ഉറങ്ങി. പുലര്‍ച്ചെയാണ് ഷെഡ്ഡിന് മുകളില്‍ ഭിത്തി ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളായ സുനില്‍ മണ്ഡല്, ശംഭു മണ്ഡല്, ദിലീപ്, ദുര്‍ഗേഷ് എന്നിവരെ ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. തിരുമലഷെട്ടിഹള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.