40 വര്‍ഷത്തിലേറെയായി മുസ്‌ലിംകൾക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഒരു ക്ഷേത്രം

ചെന്നൈ: 40 വര്‍ഷത്തിലേറെയായി റമദാന്‍ മാസത്തില്‍ മുസ്‌ലിംകൾക്ക് ഇഫ്താര്‍ വിരുന്നുകള്‍ നടത്തി ഒരു ക്ഷേത്രം. ചെന്നൈയിലെ സൂഫിദാര്‍ ക്ഷേത്രമാണ് മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി തലയുയര്‍ത്തി നിന്‍ക്കുന്നത്.
റമദാനിലെ എല്ലാ രാത്രിയിലും, സൂഫിദാര്‍ ക്ഷേത്രത്തില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ട്രിപ്ലിക്കേനിലെ വല്ലാജ പള്ളിയില്‍ വന്ന് വിശ്വാസികള്‍ക്ക് നോമ്പു തുറക്കുള്ള ധാരാളം വിഭവങ്ങള്‍ എത്തിക്കുന്നു. പള്ളിയില്‍ പോകുന്ന ഏകദേശം 1,200 നോമ്പെടുക്കുന്ന മുസ്‌ലിംകൾക്ക് ദിവസേന വെജിറ്റബിള്‍ ബിരിയാണി, ചന്ന റൈസ്, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളാണ് ഇവര്‍ മെനുവില്‍ ഉള്‍പ്പെടുത്തുന്നത്.
1947-ല്‍ ഇന്ത്യാ വിഭജനത്തിനുശേഷം ചെന്നൈയിലേക്ക് താമസം മാറിയ സിന്ധില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥിയായ ദാദ രത്തന്‍ചന്ദാണ് ഈ പാരമ്പര്യം ആരംഭിച്ചത്. ആര്‍ക്കോട്ട് രാജകുടുംബാംഗങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ വന്നപ്പോഴാണ് ഇഫ്താര്‍ ഭക്ഷണം വിളമ്പുന്ന ആചാരം തുടങ്ങിയത്. ക്ഷേത്രത്തില്‍ ഭക്ഷണം തയ്യാറാക്കി വൈകുന്നേരം 5:30 ഓടെ പള്ളിയില്‍ എത്തിക്കുന്നതാണ് രീതി.
സൂഫിദാര്‍ ക്ഷേത്രത്തിനുള്ളിലെ ചുവരുകളില്‍ സൂഫി സന്യാസിമാര്‍, ഹിന്ദു ദൈവങ്ങള്‍, യേശുക്രിസ്തു, സിഖ് ഗുരുക്കള്‍ എന്നിങ്ങനെ വിവിധ മതങ്ങളില്‍ നിന്നുള്ള നിരവധി മതചിഹ്നങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫുകള്‍ കാണാന്‍ സാധിക്കും എന്നതും ഇവിടത്തെ വലിയ പ്രത്യേകതയാണ്. പലപ്പോഴും മതത്തിന്റെ പേരില്‍ കലാപം നടക്കുന്ന ഒരു രാജ്യത്ത്, പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറുകയാണ് സൂഫിദാര്‍ ക്ഷേത്രം.