''ഗസയിലെ കൂട്ടക്കുരുതി ഞെട്ടിക്കുന്നത്; വെടിനിര്‍ത്തല്‍ വേണം'' സംയുക്ത പ്രസ്താവനയുമായി യുകെയും ഫ്രാന്‍സും ജര്‍മനിയും

പാരിസ്: ഇസ്രായേല്‍ അധിനിവേശം തുടരുന്ന ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യുകെയും ഫ്രാന്‍സും ജര്‍മനിയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. '' ഗസയിലെ സിവിലിയന്‍മാരുടെ കൊലകള്‍ ഞെട്ടിക്കുന്നതാണ്. അതിനാല്‍, ഉടന്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് തിരികെ വരണം. ഗസയിലേക്ക് വെള്ളവും വൈദ്യുതിയും മാനുഷിക സഹായങ്ങളും ഇസ്രായേല്‍ അനുവദിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി വൈദ്യസഹായം ഇസ്രായേല്‍ ഉറപ്പാക്കണം. ഗസയില്‍ തടവില്‍ വച്ചിട്ടുള്ളവരെ ഹമാസ് വിട്ടയക്കുകയും വേണം.''- പ്രസ്താവന പറയുന്നു.
ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം സൈനിക മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നും ദീര്‍ഘകാല വെടിനിര്‍ത്തല്‍ മാത്രമാണ് സമാധാനത്തിലേക്കുള്ള വിശ്വസനീയമായ മാര്‍ഗമെന്നും അവര്‍ പറഞ്ഞു. ഗസയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോര്‍ പ്രോജക്ട് സര്‍വീസസ് (UNOPS) കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നത് ഞെട്ടിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു.
ഇന്നലെ ഗസയിലെ ഏക കാന്‍സര്‍ ആശുപത്രി ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയാണ് തകര്‍ത്തത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ ഇതുവരെ 600ഓളം ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഇസ്രായേലിന് എതിരെയുള്ള ആക്രമണം യെമനിലെ ഹൂത്തികള്‍ ശക്തമാക്കി. ഗസയിലെ അധിനിവേശം അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം പ്രവര്‍ത്തിക്കില്ലെന്ന് ഹൂത്തികളുടെ സൈനിക വക്താവായ യഹ്‌യാ സാരി പറഞ്ഞു. നാലു തവണയാണ് ഇന്നലെ മാത്രം വിമാനത്താവളത്തിലേക്ക് ഹൂത്തികള്‍ ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈല്‍ അയച്ചത്. കൂടാതെ ചെങ്കടലിലെ യുഎസ് സൈനികകപ്പലുകള്‍ക്ക് നേരെയും മിസൈലുകള്‍ അയച്ചു.
