വഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന ബില്ലിനെ എതിര്‍ക്കാന്‍ ഭരണഘടനാപരവും നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളിലൂടെയും സമരം ചെയ്യാന്‍ ബോര്‍ഡിന്റെ 31 അംഗ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി മാര്‍ച്ച് 26ന് ബിഹാറിലെ പറ്റ്‌നയിലും മാര്‍ച്ച് 29ന് ആന്ധ്രയിലെ വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. വിവിധ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികളോടൊപ്പം ബോര്‍ഡിന്റെ മുതിര്‍ന്ന നേതൃത്വവും ഈ ധര്‍ണകളില്‍ പങ്കെടുക്കും. പൗരാവകാശ പ്രവര്‍ത്തകരും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ വ്യക്തികളും ദലിത്, ആദിവാസി, ഒബിസി വിഭാഗങ്ങളിലെ നേതാക്കളും പങ്കെടുക്കും. വഖ്ഫ് ബില്ല് പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജെഡി (യു), ആര്‍ജെഡി, കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), വൈഎസ്ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുക എന്നതാണ് ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്ന് ബോര്‍ഡ് വക്താവ് ഡോ. എസ് ക്യൂ ആര്‍ ഇല്‍യാസ് പറഞ്ഞു. ''ബില്ലിനുള്ള പിന്തുണ പിന്‍വലിക്കുക, അല്ലെങ്കില്‍ ഞങ്ങളുടെ പിന്തുണ നഷ്ടപ്പെടും''-എന്നതാണ് സന്ദേശം.
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, മലേര്‍കോട്‌ല (പഞ്ചാബ്), റാഞ്ചി എന്നിവിടങ്ങളില്‍ പ്രധാന റാലികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ജില്ലാ തലത്തില്‍ പൊതുസമ്മേളനങ്ങള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ധര്‍ണകള്‍ എന്നിവ സംഘടിപ്പിക്കുകയും ജില്ലാ മജിസ്‌ട്രേറ്റുകള്‍ വഴി രാഷ്ട്രപതിക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.