50 കുട്ടികളില്‍ 40 പേരും മരിച്ചത് ഡെങ്കിപ്പനി ബാധിച്ച്; കേന്ദ്ര സംഘം യുപിയിലേക്ക്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മരിച്ച 50 കുട്ടികളില്‍ 40 പേരും ഡങ്കിപ്പനി ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ സംസ്ഥാനത്തേക്കയയ്ക്കുന്നു. ഡെങ്കിപ്പനിയുടെ ഗുരുതര വകഭേദമായ ഹമൊറാജിക് ഡെങ്കി ബാധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
യുപിയിലെത്തന്നെ മഥുര, ആഗ്ര ജില്ലകളിലും നിരവധി കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളെ ബാധിച്ചത് വൈറല്‍ പനിയാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. രോഗബാധിതരില്‍ പലര്‍ക്കും മലേറിയ, ഡെങ്കി, വൈറല്‍പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു.
ലോകാരോഗ്യസംഘടനയുടെ വിദഗ്ധരുടെ ഒരു സംഘം ഫിറോസാബാദിലെത്തി ജില്ലാ മജിസ്‌ട്രേറ്റുമായി തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ലോകാരോഗ്യസംഘടനാ വിദഗ്ധര്‍ പറയുന്നത് ബാധിച്ചത് ഹമൊറാജിക് ഡെങ്കിയാണെന്നാണ്. ഡെങ്കിയുടെ ഗുരുതരമായ ഒരു വകഭേദമാണ് ഇത്. കുട്ടികള്‍ പൊടുന്നനെ തളര്‍ന്നുവീഴുകയും രക്തപ്രവാഹം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിജയ് സിങ് പറഞ്ഞു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെയും നാഷണല്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിലെയും വിദഗ്ധരെയാണ് കേന്ദ്രം ഫിസോസാബാദിലേക്കയച്ചിരിക്കുന്നത്. അവര്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
അതിനിടയില്‍ ഫിരോസാബാദിലെ ആശുപത്രിയില്‍ മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ലെന്ന് ആരോപമണുയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ അത് നിഷേധിച്ചു.
ഫിറോസാബാദിലെ കൊഹ് ഗ്രാമത്തില്‍ മാത്രം 15 ദിവസത്തിനുള്ളില്‍ 11 കുട്ടികള്‍ മരിച്ചു.