ഡെങ്കിപ്പനി: എറണാകുളത്ത് ഇതുവരെ ഏഴു മരണങ്ങള്‍;അതീവ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇതില്‍ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക് പനി)മൂലമാണ്. ഡെങ്കി ഹെമറാജിക് പനി മാരകമാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ കൂടി വരുന്ന സാഹചര്യത്തിലും ഡെങ്കിപ്പനിമൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് ഏഴു പേര്‍ മരിച്ചു. കൂടാതെ അഞ്ചു മരണങ്ങള്‍ ഡെങ്കിപ്പനി ബാധിച്ചാണെന്നും സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതില്‍ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി ഹെമറാജിക് പനി)മൂലമാണ്. ഡെങ്കി ഹെമറാജിക് പനി മാരകമാണ്. ഡെങ്കി ഹെമറാജിക് ഫീവര്‍ ചികില്‍സിച്ചാല്‍ പോലും ചിലപ്പോള്‍ ഭേദമാക്കാന്‍ സാധിച്ചുവെന്നുവരില്ല.ഈ വര്‍ഷം ഉണ്ടായ ഡെങ്കിപ്പനി മരണങ്ങളില്‍ കൂടുതലും ഇത്തരത്തില്‍ സംഭവിച്ചതാണ്. ഈ വര്‍ഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജൂണ്‍ മാസത്തിലാണ്. ജൂലൈ മാസത്തില്‍ മാത്രം ഇതുവരെ 243 സംശയിക്കുന്ന കേസുകളും 45 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. മറ്റു പല വൈറല്‍ പനിയും പോലെ ഡെങ്കിപ്പനിയും അനിശ്ചിതമായ ഭാവപ്പകര്‍ച്ച രീതികള്‍ കാണിക്കുന്നു.രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെയും വൈറല്‍ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാല്‍ ചിലപ്പോള്‍ രോഗം സങ്കീര്‍ണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍ , ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം.ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോള്‍ അറിയണമെന്നില്ല. അതിനാല്‍ ഡെങ്കിപ്പനി ഉണ്ടായാല്‍ രണ്ടാമത് രോഗം വരുന്നതെന്ന രീതിയില്‍ തന്നെ അതീവ ശ്രദ്ധ പുലര്‍ത്തണം.
പൂര്‍ണ്ണവിശ്രമം പോഷകസമ്പുഷ്ടമായ ഭക്ഷണം ശരീരത്തിലെ ജലാംശം കുറയാതെ നിലനിര്‍ത്താന്‍ പാകത്തില്‍ വെള്ളമോ മറ്റ് ലായനികളോ ഇടയ്ക്കിടെ കുടിക്കുക തുടങ്ങിയ മാര്‍ഗങ്ങളില്‍ കൂടി ഇതില്‍ ഏറെ പേര്‍ക്കും രോഗലക്ഷണങ്ങള്‍ ശമിക്കും.എന്നാല്‍ ചെറിയൊരു ശതമാനം പേരില്‍ ഗുരുതരമായ ഡെങ്കിപ്പനിയായി രൂപാന്തരം സംഭവിക്കാം ആരിലൊക്കെ ഇങ്ങനെ അവസ്ഥ സംജാതമാകും എന്ന് പ്രവചിക്കുക എളുപ്പമല്ല. മൂന്ന് നാല് ദിവസം പനിക്കുകയും തുടര്‍ന്ന് പനി കുറയുകയും അതേസമയം ക്ഷീണം വര്‍ധിക്കുക, വയറുവേദന, ഛര്‍ദില്‍, ശരീരഭാഗങ്ങളില്‍ ചുവന്ന പൊട്ടുകള്‍ പോലെ കാണപ്പെടുക, വിവിധ അവയവങ്ങളില്‍ രക്തസ്രാവം, ബോധനിലയില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അപായ സൂചനകളാണ്.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരം അപായ സൂചനകള്‍ മാറിമാറി വന്നേക്കാം എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഘട്ടത്തില്‍ രോഗിക്ക് വിദഗ്ദ്ധ ചികില്‍സ വേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനി , ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികില്‍സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം.ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്.അതിനാല്‍ ഡെങ്കിപ്പനി പ്രതിരോധത്തിന് ഏറ്റവും പ്രധാനം വീടിനുളളിലും , ചുറ്റുപാടും ഈഡിസ് കൊതുകുമുട്ടയിടുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് കടിക്കുന്നത് എന്നതിനാല്‍ പകല്‍ സമയത്ത് കൊതുകു കടിയേല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍, റിപ്പലന്റ്‌സ് എന്നിവ ഉപയോഗിക്കണം.
മുന്‍കരുതല്‍ സ്വീകരിക്കണം, വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി പ്രതി വാരം െ്രെഡ ഡേ ആചരിക്കണമെന്നും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.