ലബ്‌നാന്‍ ആഭ്യന്തര യുദ്ധത്തിന് അര നൂറ്റാണ്ട്; ഓര്‍മപ്പെടുത്തലുമായി വെടിയുണ്ടകള്‍ തറച്ച ബസ് (PHOTOS)

Update: 2025-04-14 07:34 GMT
ലബ്‌നാന്‍ ആഭ്യന്തര യുദ്ധത്തിന് അര നൂറ്റാണ്ട്; ഓര്‍മപ്പെടുത്തലുമായി വെടിയുണ്ടകള്‍ തറച്ച ബസ് (PHOTOS)

ബെയ്‌റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിനെ സംബന്ധിച്ചിടത്തോളം 1975 ഏപ്രില്‍ 13 ഒരു സാധാരണ ദിവസമായിരുന്നു. പക്ഷേ, അന്ന് ബെയ്‌റൂത്തിന്റെ ഒരു ഭാഗത്ത് സായുധ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഫലാഞ്ചികള്‍ ഒരു പള്ളി ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് സാധാരണ പോലെ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ ആഭിമുഖ്യത്തില്‍ ഫലസ്തീന്‍ അനുകൂലികളുടെ സൈനിക പരേഡും നടന്നു.

ബെയ്‌റൂത്തിന് കിഴക്കുള്ള തെല്‍ അല്‍സാതറിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി കാംപില്‍ നിന്നും മൂന്നു ബസ് നിറയെ ആളുകള്‍ ഈ പരേഡില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവര്‍ ഐന്‍ റമ്മാനെഹ് പ്രദേശത്ത് കൂടെയാണ് പരേഡ് നടക്കുന്ന സ്ഥലത്തേക്ക് പോയത്. മൂന്നു ബസ്സുകളും ഒരുമിച്ചാണ് തിരിച്ചുവരേണ്ടിയിരുന്നത്. പക്ഷേ, പരേഡില്‍ പങ്കെടുത്ത ചിലര്‍ ക്ഷീണം മൂലം നേരത്തെ തന്നെ തിരിച്ചുപോവാന്‍ തീരുമാനിച്ചു. 33 പേര്‍ ചേര്‍ന്ന് ഒരു ചെറിയ ബസ് വാടകയ്ക്ക് എടുത്തു ക്യാംപിലേക്ക് തിരിച്ചു.

നേരത്തെ ഇവര്‍ കടന്നുപോന്നതിന് ശേഷം ഐന്‍ റമ്മാനെഹ് പ്രദേശത്ത് ഫലാഞ്ചികള്‍ ഒരു ബസ് തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഫലാഞ്ചി പാര്‍ട്ടി നേതാവ് പിയറി ഗെമയേലിന്റെ അംഗരക്ഷന്‍ കൊല്ലപ്പെട്ടിരുന്നു. പക്ഷേ, ഈ സംഭവങ്ങളൊന്നും 33 പേര്‍ അടങ്ങിയ സംഘം അറിഞ്ഞിരുന്നില്ല.

അങ്ങിനെ തിരിച്ചുവരുന്ന ബസിന് നേരെ ഫലാഞ്ചികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെട്ടെന്നാണ് എല്ലാ വശത്തു നിന്നും ബസിനു നേരെ വെടിവയ്പ്പുണ്ടായതെന്ന് അന്ന് ബസിലുണ്ടായിരുന്ന മുഹമ്മദ് ഉസ്മാന്‍ പറയുന്നു. ഉസ്മാന് അന്ന് 16 വയസായിരുന്നു പ്രായം. പരേഡില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവരുടെ കൈയ്യിലും തോക്കുകളുണ്ടായിരുന്നു. പക്ഷേ, ബസിലെ സ്ഥലപരിമിതി മൂലം അവ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

'' എല്ലാവരും മരിച്ചു എന്ന് ഉറപ്പാക്കാനായി അവര്‍ 45 മിനുട്ടോളം വെടിവച്ചു. രക്ഷാപ്രവര്‍ത്തകരുമായും ഫലാഞ്ചികള്‍ ഏറ്റുമുട്ടി.''-ഉസ്മാന്‍ പറയുന്നു.

മുഹമ്മദ് ഉസ്മാന്‍

മുഹമ്മദ് ഉസ്മാന്‍

ബസിലുണ്ടായിരുന്ന 22 പേര്‍ കൊല്ലപ്പെട്ടു. ഇതാണ് അടുത്ത പതിനഞ്ച് വര്‍ഷം ലബ്‌നാനില്‍ ആഭ്യന്തര യുദ്ധം നടക്കാന്‍ കാരണമായത്. ക്രിസ്ത്യന്‍ മിലിഷ്യകള്‍ നിരവധി കൂട്ടക്കൊലകളാണ് നടത്തിയത്. മൊത്തം ഒന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. 17,000 പേരെ കാണാതായി. പിയറി ഗെമയേലിനെ കൊല്ലാന്‍ നോക്കിയതാണ് യുദ്ധത്തിന് കാരണമെന്നാണ് ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അവകാശപ്പെടുന്നത്. പക്ഷേ, ഈ വാദം തെറ്റാണെന്നാണ് 1975 ഏപ്രില്‍ 13ലെ സംഭവങ്ങളെക്കുറിച്ച് പുസ്തകം എഴുതിയ ലബ്‌നീസ്-ഫ്രഞ്ച് പത്രപ്രവര്‍ത്തകനായ മര്‍വാന്‍ ചാഹൈന്‍ പറയുന്നത്. പിയറി ഗെമയേലിന്റെ അംഗരക്ഷകന്‍ അന്ന് ഒറ്റക്കായിരുന്നു എന്നാണ് മര്‍വാന്‍ പറയുന്നത്. ക്രിസ്ത്യന്‍ പള്ളി ഉദ്ഘാടനം ചെയ്ത് പിയറി സ്ഥലം വിട്ടിരുന്നു.

പക്ഷേ, ആഭ്യന്തര സംഘര്‍ഷം അതിവേഗം വികസിച്ചു. പുതിയ സഖ്യങ്ങളും പുതിയ വിഭാഗങ്ങളും രൂപപ്പെട്ടു. തെക്കന്‍ ലബ്‌നാന്റെ ചില ഭാഗങ്ങള്‍ ഇസ്രായേല്‍ കൈയ്യേറി.ഫലാഞ്ചികള്‍ ഇസ്രായേലികളുമായി ചേര്‍ന്ന് ഫലസ്തീനികളെയും അവരെ അനുകൂലിക്കുന്നവരെയും കൊന്നൊടുക്കി.

ചില പ്രദേശങ്ങളുടെ നിയന്ത്രണം സിറിയ ഏറ്റെടുത്തു. യുഎസ് വിഷയത്തില്‍ ഇടപെട്ടതോടെ ബെയ്‌റൂത്ത് പൂര്‍ണമായും മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. ഇസ്രായേല്‍ അധിനിവേശത്തെ നേരിടാന്‍ 1980കളുടെ തുടക്കത്തില്‍ ഹിസ്ബുല്ല രൂപം കൊണ്ടു. അതിവേഗം അവര്‍ വലിയ ശക്തിയായി വളര്‍ന്നു. 1983ല്‍ 240 യുഎസ് സൈനികര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.


ഫലസ്തീന്‍ അനുകൂല പോരാളികള്‍

ഫലസ്തീന്‍ അനുകൂല പോരാളികള്‍

ഫലസ്തീന്‍ അനുകൂല പോരാളികള്‍

ക്രിസ്ത്യന്‍ ഫലാഞ്ചിസ്റ്റുകള്‍


ഫലസ്തീന്‍ അനുകൂല പോരാളികള്‍

ഫലസ്തീന്‍ അനുകൂല പോരാളി

ക്രിസ്ത്യന്‍ ഫലാഞ്ചിസ്റ്റുകള്‍

വിവിധ സംഘടനാ പ്രവര്‍ത്തകര്‍


 


ക്രിസ്ത്യന്‍ ഫലാഞ്ചിസ്റ്റുകള്‍


 


ക്രിസ്ത്യന്‍ ഫലാഞ്ചിസ്റ്റുകള്‍


 


ഫലസ്തീന്‍ അനുകൂല പോരാളികള്‍


 




 




 




 




 സ്‌കൂളും മറ്റും പൂട്ടിയതിനാല്‍ താന്‍ പോരാട്ടത്തിലേക്ക് തിരിഞ്ഞെന്ന് ഉസ്മാന്‍ പറയുന്നു. ആഭ്യന്തരയുദ്ധം കഴിഞ്ഞപ്പോള്‍ ഫാര്‍മസിസ്റ്റ് ആയി മാറി. ബസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റു പത്തുപേരില്‍ മൂന്നു പേര്‍ പിന്നീട് ക്രിസ്ത്യന്‍ സായുധസംഘങ്ങള്‍ അല്‍സാതര്‍ ക്യാംപ് ആക്രമിച്ചപ്പോള്‍ കൊല്ലപ്പെട്ടു. 1981ല്‍ ഇറാഖി എംബസിയില്‍ നടന്ന സ്‌ഫോടനത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു. ഒരു ദമ്പതിമാര്‍ വയസായി മരിച്ചു. ഒരാള്‍ ജര്‍മനിയിലേക്ക് കുടിയേറി. ബാക്കി മൂന്നു പേരെ കുറിച്ച്‌ വിവരങ്ങളില്ലെന്നും ഉസ്മാന്‍ പറയുന്നു.

അന്നഹാര്‍ എന്ന പത്രത്തില്‍ ജോലി ചെയ്തിരുന്ന ക്ലോഡ് സല്‍ഹാനിയാണ് ആഭ്യന്തര യുദ്ധത്തിലെ മികച്ച ചിത്രങ്ങള്‍ എടുത്തത്. അന്നഹാര്‍, ഫ്രഞ്ച് ഫോട്ടോ ഏജന്‍സിയായ സിഗ്മ, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍, റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സികള്‍ എന്നിവയ്ക്കായി സല്‍ഹാനി യുദ്ധം റിപ്പോര്‍ട്ട് ചെയ്തു. ടൈം, ന്യൂസ് വീക്ക് തുടങ്ങിയ വാര്‍ത്താ മാസികകളുടെ കവറില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. യുഎസ് സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍, യുഎസ് സൈനിക യൂണിഫോം ധരിച്ച ഒരു യുവാവ് കണ്ണുനീര്‍ തുടയ്ക്കുന്ന ഫോട്ടോയ്ക്ക് അദ്ദേഹം പുലിറ്റ്‌സര്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. എന്തായാലും ആക്രമണത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ബസ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.

Similar News