തിരുവനന്തപുരം; കെഎസ്ഇബിയുടെ 65 ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. കെഎസ്ഇബി
സ്ഥാപക ദിനമായ മാര്‍ച്ച് 7ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ നടക്കുന്ന എര്‍ത്ത് െ്രെഡവ് പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് നിര്‍വഹിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബി. അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്‌ളാഗ് ഓഫിന് ശേഷം വൈദ്യുതി വാഹങ്ങള്‍ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച് 2 മണിയോടെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ എത്തും. ഇവിടെ വാഹനങ്ങളുടെ ഡിസ്പ്‌ളേ നടക്കും.
രാവിലെ 11 ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ വി. കെ. പ്രശാന്ത് എം. എല്‍. എ അധ്യക്ഷനാകും. കെ.എസ്.ഇ.ബിയുടെ ഹരിതോര്‍ജ്ജ മുന്നേറ്റങ്ങളുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ആര്‍. സുകു അവതരിപ്പിക്കും. വൈദ്യുതി വാഹനങ്ങളുടെ താക്കോല്‍ അദ്ദേഹം ഏറ്റുവാങ്ങും. ശശി തരൂര്‍ എം. പി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
ഹരിതോര്‍ജ്ജ ഉത്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കാനായി കെഎസ്ഇബി നടത്തുന്ന മുന്നേറ്റങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് ചെയര്‍മാന്‍ പറഞ്ഞു. സൗരോര്‍ജ്ജത്തിന് പ്രാധാന്യം നല്‍കുന്ന 'സൗര ' പദ്ധതി ഇതില്‍ പ്രധാനമാണ്. 40 ശതമാനം സബ്‌സിഡിയോടെ പുരപ്പുറങ്ങളില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 21 മെഗാവാട്ട് സൗരോര്‍ജ്ജ ഉദ്പാദന ശേഷി നേടാന്‍ കഴിഞ്ഞു. ജൂണ്‍ മാസത്തോടെ 115 മെഗാവാട്ട് ഉദ്പാദന ശേഷിയാണ് ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി പിന്തുടരുന്നതിനായി ekiran.kseb.in എന്ന വെബ് പോര്‍ട്ടല്‍ സജ്ജമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇ വെഹിക്കിള്‍ പോളിസിയുടെ ഭാഗമായി കെഎസ്ഇബി സംസ്ഥാനത്തുടനീളം 1,212 ചാര്‍ജ്ജിങ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 62 കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകളും 1,150, ടു വീലര്‍/ ത്രീ വീലര്‍ ചാര്‍ജിങ് സ്‌റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. 11 ഫാസ്റ്റ് ചാര്‍ജ്ജിങ് സ്‌റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മാര്‍ച്ച് അവസാന വാരത്തോടെ 51 സ്‌റ്റേഷനുകള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കും.
പ്രകൃതിസൗഹൃദമായ ഊര്‍ജ്ജോത്പാദനം ലക്ഷ്യമിട്ട് കാറ്റില്‍ നിന്ന് 100 മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും കെഎസ്ഇബി പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 700 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ഇബിയ്ക്ക് കീഴില്‍ എട്ട് ജലാശയങ്ങളിലും വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ രണ്ട് ജലാശയങ്ങളിലും ആകെ 100 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഉടന്‍ യാഥാര്‍ഥ്യമാകും.