ഒരു വര്‍ഷത്തിനിടെ അറസ്റ്റിലായത് 9 മാധ്യമപ്രവര്‍ത്തകര്‍: ബിജെപിയുടെ മാധ്യമ സ്വാതന്ത്ര്യം അര്‍നബ് ഗോസ്വാമിക്കു വേണ്ടി മാത്രം
ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ തന്നെ പല മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തപ്പോഴൊന്നും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് മിണ്ടാതിരുന്ന ബിജെപി നേതാക്കളാണ് ഇപ്പോള്‍ അര്‍നബ് ഗോസ്വാമിക്കു വേണ്ടി വാദിക്കുന്നത്.
ന്യൂദല്‍ഹി: രാജ്യത്ത് ഒരു വര്‍ഷത്തിനിടെ അറസ്റ്റിലായത് 9 മാധ്യമപ്രവര്‍ത്തകര്‍. ഇതില്‍ ഒരു അറസ്റ്റില്‍ പോലും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചു പറയാത്ത ബിജെപി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിഷേധവുമായി രംഗത്തുവന്നു. സംഘ്പരിവാര്‍ അജണ്ടകളുടെ പ്രചാരകനായ ഗോസ്വാമിക്കു വേണ്ടി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് രംഗത്തിറങ്ങിയത്. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ തന്നെ പല മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തപ്പോഴൊന്നും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് മിണ്ടാതിരുന്ന ബിജെപി നേതാക്കളാണ് ഇപ്പോള്‍ അര്‍നബ് ഗോസ്വാമിക്കു വേണ്ടി വാദിക്കുന്നത്.
മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കടുത്ത നിയമങ്ങള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലീസ് ഒക്ടോബര്‍ 5ന് ജയിലിലടച്ചത്. അറസ്റ്റ് ചെയ്ത് ഒരു മാസമായിട്ടും അഭിഭാഷകന് കാണാനുള്ള അനുവാദം പോലും അവിടുത്തെ ബിജെപി സര്‍ക്കാര്‍ നിഷേധിക്കുകയാണ്. നീതി തേടി സുപ്രിം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും കയറിയിറങ്ങുകയാണ് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍.
ബിജെപി നേതാവിന്റെ ഭാര്യയുടെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനോട് പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മണിപ്പൂരി പത്രപ്രവര്‍ത്തകന്‍ വാങ്‌ഖെമിനെ അറസ്റ്റു ചെയ്തതും കഴിഞ്ഞ ഒക്ടോബറിലാണ്. ഇത് രണ്ടാം തവണയാണ് വാങ്‌ഖെം അറസ്റ്റിലാകുന്നത് - 2018 ലും ആര്‍എസ്എസ്, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്കെതിരെ എഴുതിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2019 ല്‍ ഹൈക്കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ റദ്ദാക്കുകയായിരുന്നു.
ദി വയര്‍ ഹിന്ദിയുടെ റിപ്പോര്‍ട്ടറായിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ കനോജിയയെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടുതവണയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് തവണയും ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയത്. എന്നാല്‍ രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടു.
അസമീസ് ജേണലിസ്റ്റും ഡി വൈ 365 ന്റെ ലേഖകനുമായ ശര്‍മ്മയെ 2020 ജൂലൈ 16 ന് ജില്ലാ വനം ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ബന്ധത്തെക്കുറിച്ച് ശര്‍മ്മ വാര്‍ത്ത ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പല പ്രതിഷേധങ്ങള്‍ക്കും ശേഷം കേസിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാറിന് ഉത്തരവിടേണ്ടിവന്നു.
ഗുജറാത്തിയിലെ ഒരു ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററായ ധവള്‍ പട്ടേലിനെ കഴിഞ്ഞ മെയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് വാര്‍ത്ത എഴുതിയതിന്റെ പേരിലാണ് അദ്ദേഹത്തിന് രാജ്യദ്രോഹക്കുറ്റം നേരിടേണ്ടിവന്നത്. അറസ്റ്റിലായി ആഴ്ചകള്‍ക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ഹരിയാനയിലെ ജജ്ജറില്‍ ഹിന്ദി ദിനപത്രത്തിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റ് ഖോഹല്‍ മെയ് 7 നാണ് പോലിസ് അറസ്റ്റു ചെയ്തു. ഒരു മാസത്തിനുശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകനും പ്രമുഖ മറാത്തി ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ രാഹുല്‍ കുല്‍ക്കര്‍ണിയെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പാസഞ്ചര്‍ ട്രെയിനിനെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന പേരില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് കാലത്ത് വ്യാജവാര്‍ത്ത നല്‍കി ആളുകളെ ബാന്ദ്ര സ്റ്റേഷനില്‍ ഒത്തുകൂടാന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു കുറ്റം. നാലുമാസത്തിനുശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി.
രണ്ട് വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ചാരസംഘത്തിന്റെ ഭാഗമാണെന്ന പേരില്‍ സെപ്റ്റംബറില്‍ ഡല്‍ഹി പോലീസ് പോലീസ് സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ രാഹുല്‍ ശര്‍മയെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ടൈംസിന്റെ ലേ ലേഖകന്‍ തെവാങ് റിഗ്‌സിന്‍ സെപ്റ്റംബര്‍ 5 ന് അറസ്റ്റിലായത് ബിജെപി എംപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ എഴുതിയതിനാണ്. എന്നാല്‍ അറസ്റ്റു ചെയ്ത അന്നു തന്നെ തെവാങ് റിഗ്‌സിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.