റിയാദ് : സ്വകാര്യ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട സൗദി ജീവനക്കാരന് സര്‍വീസ് ആനുകൂല്യമായി ് 9.36 ലക്ഷം റിയാല്‍ നല്‍കാന്‍ വിധി. റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ തൊഴില്‍ തര്‍ക്ക അനുരഞ്ജന പരിഹാര വിഭാഗമാണ് തൊഴിലുടമയില്‍ നിന്നും 9,36,000 റിയാല്‍ ഈടാക്കി നല്‍കിയത്.
പിരിച്ചുവിട്ട കമ്പനിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ തേടി റിയാദ് ലേബര്‍ ഓഫീസിനു കീഴിലെ തൊഴില്‍ തര്‍ക്ക അനുരഞ്ജന വിഭാഗത്തെ സൗദി പൗരന്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെര്‍ച്വല്‍ രീതിയില്‍ കമ്പനിയധികൃതരുമായി ചര്‍ച്ച നടത്തിയാണ് തൊഴിലാളിക്ക് നീതി ലഭ്യമാക്കിയത്.
സ്വകാര്യ മേഖലയില്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്ന ആദ്യ ഘട്ടമാണ് അനുരഞ്ജന തര്‍ക്ക പരിഹാര വിഭാഗം. ചര്‍ച്ചകളിലൂടെ ഇരു വിഭാഗത്തിനും തൃപ്തികരമായ പരിഹാരം രമ്യമായി കണ്ടെത്തുകയാണ് ചെയ്യുക. അനുരഞ്ജനത്തിലൂടെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 21 ദിവസത്തെ സമയമാണ് അനുവദിക്കുന്നത്. ഇതിനകം പരിഹരിക്കാന്‍ കഴിയാത്ത തൊഴില്‍ തര്‍ക്കങ്ങള്‍ വിചാരണക്കായി ലേബര്‍ കോടതിക്ക് കൈമാറുകയാണ് പതിവ്.