വടക്കാഞ്ചേരിയില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദലിതനെ നീക്കി; വ്യാപക പ്രതിഷേധം
തൃശൂര്‍: ബിജെപി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദലിതനെ ഒഴിവാക്കി. ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റായിരുന്ന അനില്‍കുമാര്‍ വേലായുധനെയാണ് അറിയിപ്പുപോലും നല്‍കാതെ ഒഴിവാക്കിയത്. ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ നടപടിക്കെതിരേ ബിജെപിക്കുള്ളില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ജില്ലാ നേതൃത്വത്തിന്റെ ജാതീയ വേര്‍തിരിവില്‍ സമൂഹമാധ്യമങ്ങളിലൂടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
പട്ടികജാതി വിഭാഗക്കാരനായ അനില്‍കുമാറിനെ മുന്നറിയിപ്പ് പോലും ഇല്ലാതെയാണ് സ്ഥാനത്ത് നിന്നും നീക്കിയത്. ഇക്കാര്യത്തില്‍ അനില്‍കുമാര്‍ മുതിര്‍ന്ന നേതാക്കളോട് പരാതിപ്പെട്ടതായാണ് സൂചന. ദേശീയ നേതൃത്വത്തിന് പരാതി നല്‍കാനും ഒരുങ്ങുകയാണ്. എബിവിപി മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍. ആര്‍എസ്എസ് നോമിനിയായാണ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. സാധാരണ മൂന്നുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. എന്നാല്‍ ഏഴ് മാസം തികയുംമുമ്പെ സ്ഥാനത്ത്‌നിന്ന് നീക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് പുതിയ മണ്ഡലം പ്രസിഡന്റായി നിത്യാ സാഗറിനെ ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ ഇത്തരം നടപടിയെടുക്കാവൂ. സംസ്ഥാന നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് നടപടിയെന്നാണ് ആരോപണം.
കഴിഞ്ഞ മേയില്‍ നടന്ന വടക്കാഞ്ചേരി നഗരസഭയില്‍ ഒന്നാംകല്ല് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയുണ്ടായിട്ടും കോണ്‍ഗ്രസിന് വോട്ട് മറിക്കാന്‍ ചുമതലക്കാരനായി എത്തിയ ജില്ലാ നേതാവ് നേതൃത്വം നല്‍കി. ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകരെ ജാതിപ്പേര് വിളിച്ച് നേതാവ് ആക്ഷേപിച്ചു. തുടര്‍ന്ന് നേതാവിനെ പ്രവര്‍ത്തകര്‍ 'കൈകാര്യം' ചെയ്തിരുന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഈ നേതാവ് കൊടകര കുഴല്‍പ്പണ കേസിലും മുഖ്യകണ്ണിയാണ്. വോട്ടുകച്ചവടവും മര്‍ദനവുമായി വടക്കാഞ്ചേരിയില്‍ ബിജെപിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണ്. ഇതിനിടെയാണ് ദലിത് നേതാവിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയത്.