അബഹ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സൗദി അറേബ്യയിലെ മുഹ്‌യിലില്‍ ആരംഭിച്ചു. ക്യാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സോഷ്യല്‍ ഫോറത്തില്‍ കടന്നുവന്നവര്‍ക്ക് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ മെമ്പര്‍ഷിപ്പ് നല്‍കി. സോഷ്യല്‍ ഫോറം മുഹ്‌യില്‍ ബ്രാഞ്ച് പ്രസിഡണ്ട് നാസര്‍ ഇല്ലത്ത് വളപ്പില്‍ അധ്യക്ഷത വഹിച്ച പരിപാടി ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
''മുഖ്യധാര എന്ന അവകാശപ്പെടുന്ന പാര്‍ട്ടികളൊക്കെ അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. എംഎല്‍എ, എംപി അടക്കമുള്ള നേതാക്കള്‍വരെ കൂട്ടംകൂട്ടമായി ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ബദലിനുള്ള പ്രസക്തി വര്‍ധിച്ചുവരികയാണ്. സമീപകാലത്തെ കേരള, കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്''- ജനസേവനം ദൗത്യനിര്‍വഹണം ആണെന്നും സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഹനീഫ ചാലപ്പുറം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.
എസ്ഡിപിഐ പോലുള്ള പ്രസ്ഥാനങ്ങള്‍ ഭാവിയിലെ പ്രതിപക്ഷ ദൗത്യം ഏറ്റെടുക്കാന്‍ സജ്ജമാണെന്നു തെളിയിക്കുന്നതാണ് സമീപകാല അനുഭവങ്ങള്‍ വിളിച്ചോതുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ അബഹ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. ഷംസു പാപ്പിനിശ്ശേരി, ജാബിര്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു.