'സിയോണിസ്റ്റുകള്‍ മണ്ണിനുവേണ്ടി അത്യധ്വാനിക്കുമ്പോള്‍, ഹമാസ് തീവ്രവാദികളുടേത് ഐഎസിന്റെ മുഖം'; വംശവെറിയന്‍ തിയോഡര്‍ ഹെര്‍സലിനെ വാഴ്ത്തിയും പോരാളികളെ അവഹേളിച്ചും ഓര്‍തഡോക്‌സ് സഭ വൈദികന്‍ റെജി അലക്‌സാണ്ടര്‍

മലങ്കര ഓര്‍തഡോക്‌സ് സഭാ വൈദികന്‍ ഫാദര്‍ റെജി അലക്‌സാണ്ടറാണ് ഫലസ്തീനികളെ വേട്ടയാടി ഭൂമി കൈയ്യേറാന്‍ സൈദ്ധാന്തിക അടിത്തറ പാകിയ വംശവെറിയന്‍ തിയോഡര്‍ ഹെര്‍സലിനെ ഫേസ് ബുക്കില്‍ വഴ്ത്തിപ്പാടിയത്

Update: 2021-05-14 11:39 GMT

തിരുവനന്തപുരം: സ്വന്തം ചെയ്തികൊണ്ട് നാടോടികളായി അലഞ്ഞ ജൂതരേ, ഫലസ്തീന്‍ മണ്ണില്‍ കുടിയിരുത്താന്‍ പ്രത്യയശാസ്ത്ര അടിത്തറപാകിയ വംശവെറിയന്‍ തിയോഡര്‍ ഹെര്‍സലിനെ വാഴ്തിപ്പാടി മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ ഫാദര്‍ റെജി അലക്‌സാണ്ടര്‍. കടുത്ത വംശീയതമാത്രം പറയുന്ന സിയോണിസത്തിന്റെ സ്ഥാപകനാണ് തിയോഡര്‍ ഹെര്‍സര്‍. 1896ല്‍ പബ്ലിഷ് ചെയ്ത ദി ജ്യൂയിഷ് സ്റ്റേറ്റിലാണ് ഹെര്‍സല്‍, അറബ് പ്രദേശമായ ഫലസ്തീനില്‍ ജൂതരാജ്യം സ്ഥാപിക്കണമെന്ന വാദം മുന്നോട്ട് വയ്ക്കുന്നത്. അറബ് വംശജരായ ഫലസ്തീനിലെ ഭൂരിപക്ഷ മുസ്‌ലിംങ്ങളെ രാഷ്ട്രമില്ലാ ജനതയാക്കുന്ന വംശീയ പ്രത്യായശാസ്ത്രം നിര്‍മ്മിച്ചെടുത്തത് ഹെര്‍സലാണ്.44കൊല്ലമേ  ജീവിച്ചിരുന്നുള്ളൂ എങ്കിലും ഫലസ്തീന്‍ ജനതയെ, സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ കഴിയുന്ന വംശീയആശയത്തിന് അടിത്തറയിട്ടാണ് ഹെര്‍സല്‍ മടങ്ങുന്നത്.

മലങ്കര ഓര്‍തഡോക്‌സ് സഭ വൈദികനായ റെജി ഫിലിപ്പാണ് അറബ് പൗരന്മാരെ വേട്ടയാടാന്‍ സൈദ്ധാന്തിക അടിത്തറ പാകിയ ഹെര്‍സലിനെ വാഴ്‌സി ഫേസ് ബുകില്‍ പോസ്റ്റിട്ടത്.

#ഇസ്രായേലെ ഞാന്‍ നിന്നെ ഓര്‍ക്കാതെ പോയാല്‍ എന്ന ഹാഷ്ടാഗിലാണ് വംശീയ വാദിയെ പുകഴ്ത്തുന്നത്.

ഓട്ടോമന്‍ തുര്‍ക്കികള്‍ ആട്ടിപ്പായിച്ചു..എന്നൊക്കൊയുള്ള വിഡ്ഢിത്തങ്ങളാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.1917ല്‍ ബ്രിട്ടനുമായുണ്ടാക്കിയ രഹസ്യ ഉടമ്പടിയായ ബാല്‍ഫര്‍ ഡിക്ലറേഷനിലൂടെയാണ് ഓട്ടോമാനികളുടെ കീഴിലായിരുന്ന ഫലസ്തീന്‍ പ്രദേശത്ത് ജൂതര്‍ കൈയ്യേറ്റം തുടങ്ങുന്നത്.

ക്രിസ്തീയ വിശ്വാസിയായി എഡ്വേര്‍ഡ് സെയ്ദിനെപ്പോലുള്ളവരും ഫലസ്തീന്‍ മണ്ണിന്റെ വീണ്ടെടുപ്പിന് ഏറ്റവും ശക്തമായി രംഗത്ത് വന്ന കാര്യം പോലും ഓര്‍ത്തഡോക്‌സ് സഭാവിശ്വാസിയായ റെജി അലകസാണ്ടര്‍ക്ക് അറിയാതെ പോയി.


ഒരു പ്രത്യേക വിഭാഗത്തിനിടയില്‍ വ്യാപകമായി പങ്കുവെക്കുന്ന ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തിയോഡോര്‍ ഹെര്‍സി... അയാള്‍ ഇതിഹാസമാണ്. അതുകൊണ്ടുതന്നെ ആരാധനയോടെയല്ലാതെ നോക്കിക്കാണാനാവുന്നില്ല ഈ പ്രതിഭാസത്തെ.... ജീവിക്കാന്‍ മണ്ണിലിടമില്ലാതെ അലയേണ്ടി വന്ന സ്വന്തം ജനത്തിന്റെ രക്ഷകനാണയാള്‍... സിയോണിസ്റ്റ് പ്രസ്ഥാനത്തിന് രാഷ്ട്രീയ നിറം നല്‍കിയതിനാല്‍ അധുനിക സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാതാവ് എന്നാണ് അയാള്‍ അറിയപ്പെടുക.

ബാബേല്‍ നദിയുടെ തീരത്തിരുന്നപ്പോഴുള്ള സങ്കീര്‍ത്തനക്കാരന്റെ കരച്ചിലും വിശുദ്ധ പര്‍വ്വതമായ സീയോനെ ഓര്‍ത്തുതന്നെയായിരുന്നു എന്നാണ് ബൈബിള്‍ പഠിപ്പിക്കുക. സ്വന്തം നാടിനെ യഹൂദന്‍ അത്രമാത്രം പ്രണയിച്ചിരുന്നു. അവസാനം കുറുനരികള്‍ക്കും, പറവകള്‍ക്കും, പോലും ഇടം നല്‍കുന്ന മണ്ണിലും വിണ്ണിലും ഇടമില്ലാതെ ലോകത്തിലെ മഹത്തായ സംസ്‌കാരത്തിന്റെ ഉടമകള്‍ അലയേണ്ടി വന്നു. അതിദാരുണമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. വംശഹത്യകള്‍ക്ക് വിധേയരാകേണ്ടി വന്നു.

അവിടെയാണ് തിയോഡോര്‍ ഹെര്‍സി മുന്നണി പോരാളിയാകാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്.. ദൈവത്തിന്റെ സ്വന്തം കൈയൊപ്പുള്ള വിവേകവും കൂര്‍മ്മബുദ്ധിയും അയാളില്‍ ഉണര്‍ന്നു.. ചിലരെ പരദേശ്ശികളായും ചിലരെ ചെറിയ പ്ലോട്ടുകളുടെ ഉടമകളായും വാഗ്ദത്ത നാട്ടിലെക്ക് അയാള്‍ വിദഗ്ദമായി ആനയിച്ചു.. കൃത്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ലോക രാഷ്ട്ര സഭയുടെ പോലും അംഗീകാരം നേടിയെടുക്കാനായി..ഓട്ടോമന്‍ തുര്‍ക്കികള്‍ ആട്ടിപ്പായിച്ച സ്വന്തം മണ്ണും മനസ്സും ഉറങ്ങുന്ന പാലസ്തീനായിലെ പഴയ ഇസ്രയേലും പുണ്യ ഭൂമിയായ യറുസലേമും മാത്രമായിരുന്നു അവരുടെ ലക്ഷ്യം...

ആരെയും കൊന്നൊടുക്കാതെ, രക്തരഹിത മുന്നേറ്റം അവര്‍ ഏറെക്കുറെ നടത്തിയെങ്കിലും മണ്ണും മണ്ണിലെ മനസ്സും നിലനിര്‍ത്താന്‍ ആയുധം എടുക്കാന്‍ അവര്‍ നിര്ബന്ധിതരായി. ലോകത്തില്‍ ഏറ്റവും അത്യാധുനിക ആയുധങ്ങളും, മാനവ നന്മക്കുപകരിക്കുന്ന കണ്ടെത്തലുകളും നടത്തുന്ന യഹൂദനോടാണോ കളി?? അപ്പൊ പിന്നെ ഇവിടെ ഓലിയിട്ട് കരഞ്ഞു സഹതാപം പിടിച്ചുപറ്റാനല്ലാതെ ഒന്നും ചെയ്യാനില്ല.

സിയോണിസ്റ്റ് പ്രസ്ഥാനം സ്വന്തം മണ്ണിനുവേണ്ടി അത്യധ്വാനം ചെയ്യേണ്ടിവരുമ്പോള്‍, ഹമാസ് തീവ്രവാദികള്‍ നടത്തുന്നത് കണ്ണില്‍ ചോരയില്ലാത്ത മറ്റൊരു ഐഎസിന്റെ മുഖമാണ്. അവിടെയാണ് അന്നം തേടിപ്പോയ നമ്മുടെ ഇടുക്കിയിലെ സൗമ്യ ഇരയായത്.

ലോകത്തില്‍ യഹൂദന്‍ ഉണ്ടെങ്കില്‍ ഇസ്രായേലും പുണ്യ നഗരമായ ജറുസലേമും അവനു സ്വന്തമാണ്. പതിനായിരക്കണക്കിന് വര്ഷങ്ങളുടെ പാരമ്പര്യമുള്ള യഹൂദന്റെ പാരമ്പര്യത്തിന് പകരമാവില്ലൊരിക്കലും കയ്യൂക്കും മിടുക്കുമായി ഏഴാം നൂറ്റാണ്ടിനു ശേഷം മാത്രം ഉടലെടുത്തവരുടെ പാരമ്പര്യം.

മറുവശത്ത് ഓട്ടോമന്‍ തുര്‍ക്കിയുടെ അധമ നര നായാട്ടിന് ബലിയായിത്തീര്‍ന്ന ക്രിസ്ത്യന്‍ ചോരയും തിളക്കും.

ഇസ്രായേലേ ഞാന്‍ നിന്നെ ഓര്‍ക്കാതെ പോയാല്‍ എന്റെ നാവ് അണ്ണാക്കോട് പറ്റിപ്പോകട്ടെ!!!

fr reji alaxander



Tags:    

Similar News