ബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഇസ്രായേലി സൈന്യം; ഗസയില്‍ ഇട്ട ബോംബുകളില്‍ പൊട്ടാത്തവയെ ഹമാസ് കുഴിബോംബാക്കുന്നു

Update: 2025-01-12 13:58 GMT

ഗസ സിറ്റി: ഗസ മുനമ്പിലെ ബെയ്ത് ഹാനൂന്‍ പ്രദേശത്ത് ഹമാസ് നടത്തുന്ന ഗറില്ലാ ആക്രമണം നേരിടാനാവാതെ ഇസ്രായേലി സൈന്യം വലയുന്നതായി ഹീബ്രു മാധ്യമങ്ങള്‍. ഇന്നലെ മാത്രം നാലു ഇസ്രായേലി സൈനികരാണ് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെല്ലാം മരിച്ചതായും ചില റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇസ്രായേലി സൈന്യം പ്രദേശത്ത് അധിനിവേശം ശക്തമാക്കിയതിന് ശേഷം മാത്രം 48 സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ബെയ്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന് മറ്റു ബറ്റാലിയനുകളുടെ അത്രയും പ്രഹരശേഷിയില്ലെന്നാണ് ഇസ്രായേലി സൈന്യം നേരത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍, കവചിത വാഹനങ്ങളും ടാങ്കുകളും പൊട്ടിത്തെറിക്കുന്നത് സ്ഥിരസംഭവമായി മാറിയതോടെ സൈനികര്‍ കടുത്തപ്രതിസന്ധിയിലായി. ഹമാസ് ഗറില്ലായുദ്ധത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഇസ്രായേലി സൈന്യത്തിന്റെ വിലയിരുത്തല്‍. സുരക്ഷിതമെന്ന് ഇസ്രായേലി സൈന്യം കരുതിയ റോഡുകളും ഇപ്പോള്‍ അവര്‍ക്ക് സുരക്ഷിതമല്ലാതായിട്ടുണ്ട്. സ്ഥിരമായി റോന്ത് ചുറ്റുന്ന റോഡുകളുടെ സൈഡില്‍ പോലും സ്‌ഫോടകവസ്തുക്കളാണ്.

നാലു സൈനികര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടന്ന റോഡ് കഴിഞ്ഞ ദിവസമാണ് ഇസ്രായേലി സൈന്യം സുരക്ഷിതമാക്കിയിരുന്നത്. ഇവിടെ മോശം കാലാവസ്ഥയുടെ മറവില്‍ ഹമാസ് പ്രവര്‍ത്തകര്‍ രാത്രിയില്‍ ബോംബ് സ്ഥാപിച്ചുവെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ വിലപിക്കുന്നത്. ഈ റോഡില്‍ നിരവധി ചെക്ക്‌പോസ്റ്റുകളും ഇസ്രായേലി സൈന്യം സ്ഥാപിച്ചിരുന്നു. കൂടാതെ ആകാശത്ത് കറങ്ങുന്ന ഡ്രോണുകള്‍ ഭൂമിയിലെ ഓരോ നീക്കവും പരിശോധിക്കുന്നുമുണ്ട്. എന്നിട്ടും ബോംബ് സ്ഥാപിച്ചവരെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ പ്രദേശത്തെ റോഡുകളില്‍ നിന്ന് ഏതാനും ബോംബുകള്‍ ഇസ്രായേലി സൈന്യത്തിന് ലഭിച്ചിരുന്നു. ഇസ്രായേല്‍ ഗസയില്‍ ഇട്ട ബോംബുകളില്‍ പൊട്ടാത്തവയുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് അവ നിര്‍മിച്ചിട്ടുള്ളതെന്നും കണ്ടെത്തി.


ഇസ്രായേലി സൈനികര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തിയ ശേഷം ആ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നവരെ തോക്കുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുകയാണ് ഹമാസ് ചെയ്യുന്നത്. റോഡരികിലെ പൊളിഞ്ഞ കെട്ടിടങ്ങള്‍ക്ക് അകത്താണ് ഹമാസ് പ്രവര്‍ത്തകരുള്ളതെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. ഇത്തരം ആക്രമണം വ്യാപകമായതോടെ ഇസ്രായേലി വാഹനങ്ങളും സൈനികരും വളരെ പതിയേയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.

അതേസമയം, ഗിവാറ്റി ബ്രിഗേഡിലെ റോത്തം ബറ്റാലിയനിലെ എട്ട് സൈനികര്‍ക്ക് കുഴിബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതായി ഒരു ഇസ്രായേലി മാധ്യമം റിപോര്‍ട്ട് ചെയ്തു. സൈനികര്‍ക്ക് പരിക്കേറ്റ വിവരം അവരുടെ കുടുംബക്കാരെ മാത്രമാണ് സൈന്യം അറിയിച്ചതെന്നും വാര്‍ത്താക്കുറിപ്പ് നല്‍കിയില്ലെന്നും ആ മാധ്യമം കുറ്റപ്പെടുത്തി.

Tags:    

Similar News