'കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു': ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചുമായി എഎപി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി. കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞു. പ്രകടനം നടത്താന്‍ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ഡല്‍ഹി പോലിസ് വ്യക്തമാക്കുന്നത്. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി അതിഷി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സമരത്തിന് എത്തിയിരുന്നു.
നഗരത്തിലെ ജലക്ഷാമം രൂക്ഷമായിരിക്കെ ഡല്‍ഹിയുടെ വിഹിതം, വിട്ടുനല്‍കണമെന്ന് അവര്‍ ഹരിയാനയോട് ആവശ്യപ്പെടുകയും ചെയ്തു. ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ദ്രുത കര്‍മ്മ സേനയെ ഉള്‍പ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഥലത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സിബിഐയുടെ അറസ്റ്റ് നീക്കം.