എബിസി പദ്ധതി: പാലക്കാട് ജില്ലയില്‍ മാത്രം വന്ധീകരിച്ചത് 47,825 തെരുവുനായ്ക്കളെ
പാലക്കാട്: തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എ.ബി.സി പദ്ധതിപ്രകാരം ജില്ലയില്‍ ഇതുവരെ 47,825 തെരുവുനായക്കളെ വന്ധീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തെരുവുനായകളെ കൊല്ലാതെ വംശവര്‍ദ്ധനവ് തടയുന്നതിനും പേവിഷബാധ നിയന്ത്രണത്തിനുമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ജില്ലയില്‍ 2015-16 മുതലാണ് എ.ബി.സി. പദ്ധതി ആരംഭിച്ചത്. 2016 ജൂണിലാണ് നായകളുടെ വന്ധ്യംകരണം ആരംഭിച്ചത്. 2017 മാര്‍ച്ചിനുള്ളില്‍ 6,044 നായകളെ വന്ധീകരിച്ചു. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെ 11,261, 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 11,129, 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെ 6905, 2020 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ 4,154, 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ 6199 നായകളെയും വന്ധീകരിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ താല്‍ക്കാലികമായി വന്ധ്യംകരണം നിര്‍ത്തിവച്ചിരുന്നു.
ഒരു നായയുടെ വന്ധീകരണത്തിന് 1500 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ എല്ലാവര്‍ഷവും പദ്ധതിക്കു വേണ്ടി മാറ്റി വെയ്ക്കാറുണ്ട്. ബാക്കി തുക ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നഗരസഭയും നീക്കിവെക്കുന്നുണ്ട്.
നിലവില്‍ ജില്ലയില്‍ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം എന്നിങ്ങനെ നാല് എ.ബി.സി. കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട്, പട്ടാമ്പി ബ്ലോക്കുകളില്‍ പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
തുക വകയിരുത്തിയ പഞ്ചായത്തില്‍നിന്നും നായക്കളെ പിടിച്ച് വന്ധീകരിച്ച് മരുന്നും ഭക്ഷണവും നല്‍കി മൂന്നുദിവസം നിരീക്ഷിച്ചതിന് ശേഷം അതാത് പ്രദേശത്ത് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയക്ക് വിധേയമായ നായകളെ തിരിച്ചറിയുന്നതിനു വേണ്ടി ചെവിയില്‍ വി അടയാളം ഉണ്ടാക്കും. ഓരോ യൂണിറ്റും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ മൃഗാശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ്. ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറാണ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍. ഓരോ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാര്‍, ഒരു അറ്റന്‍ഡര്‍, നാല് നായ പിടുത്തക്കാര്‍ എന്നിവരടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.