അഭയ കൊലക്കേസ് : ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് അപ്പീല്‍ നല്‍കും

സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.

Update: 2021-01-18 01:41 GMT

എറണാകുളം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ സമര്‍പ്പിക്കും. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരാണ് ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി നല്‍കുന്നത്.


മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കുക. സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീല്‍ തീര്‍പ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുമെന്ന് അറിയുന്നു.


കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുച്ചത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ.




Tags:    

Similar News