വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവര്‍ന്ന കേസില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍
2009ല്‍ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തമിഴ്‌നാട് തിരുപ്പൂര്‍ തിരുവഞ്ചിപ്പാളയം ജെ നഗര്‍ രാംരാജ് (രാജു-32) ആണ് വിരുദനഗര്‍ അയ്യനാര്‍ നഗറില്‍നിന്നു പിടിയിലായത്.
ഷൊര്‍ണൂര്‍: നെടുങ്ങോട്ടൂരില്‍ വയോധികയെയും മരുമകനെയും ആക്രമിച്ചു സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 2009ല്‍ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തമിഴ്‌നാട് തിരുപ്പൂര്‍ തിരുവഞ്ചിപ്പാളയം ജെ നഗര്‍ രാംരാജ് (രാജു-32) ആണ് വിരുദനഗര്‍ അയ്യനാര്‍ നഗറില്‍നിന്നു പിടിയിലായത്.
വയോധികയെയും മരുമകനെയും കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പിച്ച് മാല പൊട്ടിച്ചെടുത്ത സംഭവം പ്രദേശത്താകെ ഭീതിയിലാഴ്ത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി തളിപ്പറമ്പ് അള്ളംകുളം ഉമേഷ് (31) നേരത്തെ പിടിയിലായിരുന്നു. പാലക്കാട് നര്‍ക്കോട്ടിക് ഡിവൈഎസ്പി പി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നേരത്തെ അന്വേഷണം സംഘം രൂപീകരിച്ചിരുന്നു. ഷൊര്‍ണൂര്‍ ഇന്‍സ്‌പെക്ടര്‍ പി എം ഗോപകുമാര്‍, വാളയാര്‍ എഎസ്‌ഐ എ കെ ജയകുമാര്‍, കൊഴിഞ്ഞാമ്പാറ സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ രാംരാജിനെ അറസ്റ്റ് ചെയ്തത്.
ഷൊര്‍ണൂരിലെ സൈബര്‍ പോലിസ് ടീമാണ് ഇയാളുടെ നീക്കങ്ങള്‍ കണ്ടെത്തിയത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ രാംരാജിനെ റിമാന്റ് ചെയ്തു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേസുകളില്‍ ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നതായി ഷൊര്‍ണൂര്‍ പോലിസ് പറഞ്ഞു.