പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതികാരം; സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട് പിക്കപ്പ് വാനിന് തീയിട്ട് പ്രതി

മുമ്പ് ഇയാള്‍ മോഷണക്കേസിലും പ്രതിയാണ്.

Update: 2024-11-28 00:54 GMT

പാലക്കാട്: ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പോലിസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ തീയിട്ടു നശിപ്പിച്ചു. വാളയാര്‍ പോലിസ് സ്‌റ്റേഷനു മുന്നിലെ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട പിക്ക് അപ്പ് വാനാണ് ഇന്നലെ രാത്രി മറ്റൊരു കേസിലെ പ്രതി തീയിട്ടത്. സംഭവത്തില്‍ ചുള്ളിമട സ്വദേശി പോള്‍രാജിനെ (50) അറസ്റ്റു ചെയ്തു.

മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോള്‍ രാജിനെ പോലിസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്‌റ്റേഷനു സമീപത്തെത്തി സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ പോള്‍ രാജ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്.

വാഹനത്തില്‍ തെര്‍മോകോള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാല്‍ പെട്ടെന്നു തീ മുഴുവന്‍ ഭാഗങ്ങളിലേക്കും പടര്‍ന്നു. സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തേക്ക് ഓടിയെത്തിയത്. ഇതിനോടകം പ്രതി മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍, പോലിസ് സംഘം ചുള്ളിമടയില്‍ നിന്നു ഇയാളെ പിടികൂടി.

സര്‍വീസ് റോഡിലുണ്ടായിരുന്നു യാത്രാ വാഹനങ്ങളിലേക്ക് ഉള്‍പ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നു ഉടന്‍ തീയണച്ചു. പോള്‍രാജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായ് പോലിസ് അറിയിച്ചു. മുമ്പ് ഇയാള്‍ മോഷണക്കേസിലും പ്രതിയാണ്.

Similar News