മോദി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ തുരത്തിയതെന്ന് പറയാത്തതെന്ത്?
നേരത്തെ, പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും സംഘപരിവാരും മോദിയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ത്ഥ് രംഗത്തത്തിയിരുന്നു.
ചെന്നൈ: വീണ്ടും സംഘപരിവാരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്രോളി തമിഴ്‌നടന്‍ സിദ്ധാര്‍ഥ്. നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമര്‍ശനം ഉന്നയിച്ച് സിദ്ധാര്‍ഥ് ട്വീറ്റ് ഇറക്കിയത്. 'ബ്രിട്ടീഷ് ഭരണകൂടത്തെ ഒറ്റയ്ക്ക് തുടച്ചുമാറ്റി മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി എം നരേന്ദ്രമോദിയുടെ ട്രെയിലര്‍ കാണിക്കുന്നില്ല. സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്‌സലുകളുടെയും നെഹ്‌റുവിന്റെയും വിലകുറഞ്ഞ തന്ത്രമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും താന്‍ പ്രധാനമന്ത്രിക്കൊപ്പമാണെന്നുമാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.
#PMNarendraModiTrailer does not show how #Modiji won India's Independence by single handedly wiping out the British Empire. Looks like another cheap trick by the sickular, libtard, commie, naxals and of course that Nehru. #IstandwithModi
— Siddharth (@Actor_Siddharth) March 21, 2019
നേരത്തെ, പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും സംഘപരിവാരും മോദിയും തങ്ങളുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ത്ഥ് രംഗത്തത്തിയിരുന്നു. സ്വന്തം നേട്ടങ്ങള്‍ക്കായി പുല്‍വാമയെ ഉപയോഗപ്പെടുത്തരുതെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് രാഷ്ട്രീയം മാറ്റിവച്ച് പുല്‍വാമ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കാതിരിക്കലാണ് നമ്മുടെ ലക്ഷ്യമെന്നും അതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സിദ്ധാര്‍ത്ഥ് നിര്‍ദേശിച്ചിരുന്നു.
'' സായുധ സേനയില്‍ നമ്മുടെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സേനയ്ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. നിങ്ങളും നിങ്ങളുടെ സംഘവുമാണ് അവരെ വിശ്വസിക്കാത്തത്. പുല്‍വാമയെ രാഷ്ട്രീയവല്‍കരിക്കുന്നത് അവസാനിപ്പിക്കണം. യഥാര്‍ഥ നായകന്മാര് ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത്. നമ്മുടെ സേനയെ നിങ്ങള്‍ ബഹുമാനിക്കണം. നിങ്ങളൊരു സൈനികനല്ല. അതുകൊണ്ട് തന്നെ അത്തരത്തില്‍ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത് ' എന്നായിരുന്നു സിദ്ധാര്‍ഥ് അന്ന് ട്വീറ്റില്‍ പറഞ്ഞത്.