കൊവിഡ് ആയതിനാല്‍ വരുമാനം കുറയും; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്
കരാര്‍ പ്രകാരം ആറ് മാസംവരെ ഏറ്റെടുക്കല്‍ നീട്ടി നല്‍കാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍ അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത
തിരുവനന്തപുരം: കൊവിഡ് കാലത്ത് യാത്രക്കാരില്ലാതെ വരുമാനം കുറയുമെന്ന് തിരിച്ചറിഞ്ഞ അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വിമാനത്താവളം ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ഈമാസം അവസാനിക്കാനിരിക്കേ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ വരെ സമയം അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി.
കേരളത്തില്‍ നിന്നുള്ള വിദേശ യാത്രികരുടെ എണ്ണം കൊവിഡ് പശ്ചാത്തലത്തില്‍ വലിയ തോതില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് വിമാനത്താളം ഏറ്റെടുക്കല്‍ നീട്ടിക്കൊണ്ടുപോകുന്നത്.
കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തിരിച്ചടിയായി എന്നാണ് സമയം നീട്ടിവാങ്ങുന്നതിന് കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തിന് പുറമെ ജയ്പൂര്‍, ഗുവാഹത്തി, വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. വിഷയം ഈമാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യുമെന്നാണ് റിപോര്‍ട്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം 180 ദിവസത്തിനുള്ളില്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന.
നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ഉള്‍പ്പെടെ അത്യാവശ്യവുമാണ്. ഇതിന് പുറമെ കരാര്‍ പ്രകാരം ആറ് മാസംവരെ ഏറ്റെടുക്കല്‍ നീട്ടി നല്‍കാമെന്ന വ്യവസ്ഥയുമുണ്ട്. ഈ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത.