ദ വയറിനെതിരായ മാനനഷ്ടകേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
തിരഞ്ഞെടുപ്പ് ഫലം അടുക്കുന്തോറും ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ക്കെതിരേയുള്ള കുത്തക കമ്പനികളുടെ സമീപനത്തില്‍ മാറ്റം വരുകയാണ്. നേരത്തെ നാഷനല്‍ ഹെറാള്‍ഡിനെതിരേ അനില്‍ അംബാനി ഗ്രൂപ്പും കോടികളുടെ മാനനഷ്ടകേസുകള്‍ പിന്‍വലിച്ചിരുന്നു.
അഹമ്മദാബാദ്: വെബ് പോര്‍ട്ടലായ ദി വയറിനെതിരായ എല്ലാ കേസുകളും പിന്‍വലിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ദി വയര്‍ പ്രസിദ്ധീകരിച്ച നിരവധി വാര്‍ത്തകള്‍ക്കെതിരേ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ വിവിധ കോടതികളില്‍ മാനനഷ്ട കേസുകള്‍ നല്‍കിയിരുന്നു. ഇവയാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ദി വയറിന്റെ എഡിറ്റര്‍മാര്‍ക്കെതിരെ സമര്‍പ്പിച്ച മാനനഷ്ട കേസുകളും പിന്‍വലിക്കാന്‍ തീരുമാനമായി. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ് രണ്ട് മാനനഷ്ട കേസുകളാണ് സമര്‍പ്പിച്ചത്. അദാനി പെട്രോനെറ്റ് പോര്‍ട് ദഹേജ് ലിമിറ്റഡ് ഒരു മാനനഷ്ട ഹരജിയും സമര്‍പ്പിച്ചിരുന്നു. വയറിന്റെ മുന്‍ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എംകെ വേണു എന്നിവര്‍ക്കെതിരെയും സിദ്ധാര്‍ത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂര്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയും മാനനഷ്ട കേസുകള്‍ സമര്‍പ്പിച്ചിരുന്നു.ഹരജികള്‍ പിന്‍വലിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ച കാര്യം ശരിയാണെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ വ്യക്തമാക്കി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഇതിനോട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് ഫലം അടുക്കുന്തോറും ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ക്കെതിരേയുള്ള കുത്തക കമ്പനികളുടെ സമീപനത്തില്‍ മാറ്റം വരുകയാണ്. നേരത്തെ നാഷനല്‍ ഹെറാള്‍ഡിനെതിരേ അനില്‍ അംബാനി ഗ്രൂപ്പും കോടികളുടെ മാനനഷ്ടകേസുകള്‍ പിന്‍വലിച്ചിരുന്നു. മോദി യുഗം അവസാനിക്കുന്നത് മുന്നില്‍ കണ്ടാണ് കുത്തകകളുടെ തീരുമാനമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.