കര്‍ണാടകയിലെ 17 എംഎല്‍എമാരുടെ കാലുമാറ്റം: ചുക്കാന്‍ പിടിച്ചത് അമിത് ഷാ

അധികാരത്തിലെത്തി 100 ദിവസം പിന്നിട്ട കര്‍ണ്ണാടക ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് ക്ലിപ്പിലുള്ളത്.

Update: 2019-11-02 10:25 GMT

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ 17 കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍ എംഎല്‍എമാരുടെ കാലുമാറ്റവും അതേ തുടര്‍ന്നുണ്ടായ അധികാരമാറ്റവും ആസൂത്രണം ചെയ്തത് അമിത് ഷാ. കഴിഞ്ഞ ദിവസം പുറത്തുവന്ന യെദിയൂരപ്പയുടെ ഒരു ശബ്ദരേഖയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. അധികാരത്തിലെത്തി 100 ദിവസം പിന്നിട്ട കര്‍ണ്ണാടക ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് ക്ലിപ്പിലുള്ളത്.

'17 എംഎല്‍മാര്‍ പുറത്തുവന്നത് ഞാന്‍ പറഞ്ഞിട്ടല്ല, അമിത് ഷായുടെ നിര്‍ദേശമനുസരിച്ചാണ് എല്ലാം നടന്നത്. അവര്‍ മുംബൈയില്‍ താമസിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരം തന്നെ.' ശബ്ദരേഖയില്‍ യെദിയൂരപ്പ പറയുന്നു. ഹുബ്ലിയിലെ ബിജെപി കോര്‍കമ്മറ്റി മീറ്റിങ്ങില്‍ യെദിയൂരപ്പ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. കര്‍ണാടകയിലെ കാലുമാറ്റത്തെ സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് മുഖ്യമന്ത്രി ഓഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. പുറത്തുവന്ന എംഎല്‍എമാര്‍ നമുക്ക് വേണ്ടിവന്നവരാണ്. അവര്‍ക്ക് അവരുടെ കുടുംബത്തെ കാണാന്‍ കുറേ കാലത്തേക്ക് സാധ്യമല്ല, അവരെ നാം സഹായിക്കണം. അവര്‍ ഇല്ലായിരുന്നെങ്കില്‍ നാമിപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വന്നേനെ- യെദിയൂരപ്പ തുടരുന്നു.

അധികാരവും സൗകര്യവും ഉപയോഗപ്പെടുത്തി രാജ്യത്തെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്ന് ഇതേ കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ആരോപിച്ചു. സുപ്രിം കോടതിയെ പോലും പ്രതിക്കൂട്ടിലെത്തിക്കുന്ന പരാര്‍ശങ്ങളാണ് യെദിയൂരപ്പ നടത്തിയിരിക്കുന്നത്. ഇതിനെ കുറിച്ച് സുപ്രിം കോടതിയില്‍ പരാതി നല്‍കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടികളില്‍ നിന്ന് 17 എംഎല്‍എമാര്‍ തങ്ങളുട സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണതും യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും. 

Tags:    

Similar News