റിപബ്ലിക് ദിന പരേഡ്: കേരളത്തിനു പിന്നാലെ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യവും തള്ളി
ടൂറിസം പ്രമേയമാക്കി, ശ്രീ നാരായണ ഗുരുവിന്റെ രൂപം ഉള്‍പ്പെടുത്തിയ കേരളത്തിന്റെ മാതൃകയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് ഏറെ വിവാദമായതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തെയും പരേഡില്‍നിന്ന് വെട്ടിയത്.
ന്യൂഡല്‍ഹി: റിപബ്ലിക് ദിന പരേഡില്‍ അണിനിരത്താനുള്ള തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കേരളത്തിനും ബംഗാളിനും പിറകെ മൂന്നാമത്തെ സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളുന്നത്. ടൂറിസം പ്രമേയമാക്കി, ശ്രീ നാരായണ ഗുരുവിന്റെ രൂപം ഉള്‍പ്പെടുത്തിയ കേരളത്തിന്റെ മാതൃകയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് ഏറെ വിവാദമായതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തെയും പരേഡില്‍നിന്ന് വെട്ടിയത്. ഇതിനെതിരേ പ്രതികരണം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി.
സംസ്ഥാനത്തെ സ്വാതന്ത്ര്യസമര സേനാനികളും പഴയ രാജാക്കന്മാരും കവികളും ഉള്‍പ്പെടെയുള്ളവരുടെ ശില്‍പങ്ങള്‍ അടങ്ങിയ നിശ്ചലദൃശ്യം റിപബ്ലിക്ദിന പരേഡില്‍ ഉള്‍പ്പെടുത്താത്തത് നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ വി ഒ ചിദംബര പിള്ള, ശിവഗംഗയില്‍ ഭരണം നടത്തിയിരുന്ന മരുതു പാണ്ടിയര്‍, ശിവഗംഗ റാണിയായിരുന്ന വേലു നച്ചിയാര്‍, കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതി എന്നിവരുടെ നിശ്ചലദൃശ്യങ്ങളായിരുന്നു തമിഴ്‌നാടിന്റെ പ്ലോട്ടിലുണ്ടായിരുന്നത്.
ഇവയ്ക്ക് അനുമതി നല്‍കാത്ത നടപടി സംസ്ഥാനത്തിനും തമിഴ് ജനതയ്ക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. അതേസമയം, ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള മൂന്നു സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു.