തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുന്നു

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത്.

Update: 2024-09-09 05:50 GMT

ശ്രീനഗര്‍: തൂക്കിലേറ്റപ്പെട്ട് ഒരു ദശകം പിന്നിട്ടിട്ടും അഫ്‌സല്‍ ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഫ്‌സല്‍ ഗുരു 2013 ഫെബ്രുവരി 9 നാണ് തൂക്കിലേറ്റപ്പെടുന്നത്.ഇപ്പോള്‍ കശ്മീരില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഗുരു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല ഒരു ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ ചൂടുപിടിച്ച രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുകൊണ്ട് ഒരു ലക്ഷ്യവും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഉമര്‍ അബ്ദുല്ല അഭിമുഖത്തില്‍ തുറന്നടിച്ചത്. ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതില്‍ തന്റെ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും വധശിക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കില്‍ അത് അനുവദിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധശിക്ഷ നടപ്പാക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നത് നിര്‍ഭാഗ്യകരമായ കാര്യമായെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

ഉമര്‍ അബ്ദുല്ലയുടെ പരാമര്‍ശത്തോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ' അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാതെ മാലയിട്ടു സ്വീകരിക്കണമായിരുന്നോ ' എന്നാണ് ജമ്മുവിലെ റംബാനിലെ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ രാജ്‌നാഥ് സിങ് ചോദിച്ചത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. ഉമര്‍ അബ്ദുല്ല അന്ന് കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്നു. രണ്ട് കക്ഷികളും സഖ്യസര്‍ക്കാരിന്റെ ഭാഗമായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ തടയുന്നതില്‍ ഉമര്‍ അബ്ദുല്ല യാതൊന്നും ചെയ്തില്ലെന്ന കുറ്റപ്പെടുത്തല്‍ കശ്മീരില്‍ വ്യാപകമായിരുന്നു. കശ്മീരികള്‍ അധികവും വിശ്വസിക്കുന്നത് അഫ്‌സല്‍ ഗുരുവിനെ പാര്‍ലമെന്റ് ആക്രമണ കേസില്‍ കുരുക്കിയതാണെന്നാണ്.





Tags:    

Similar News