സര്‍ക്കാരും പാര്‍ട്ടിയും വെട്ടില്‍; നിര്‍ണായകമായത് വിമാനത്തിനുള്ളിലെ ഇപി ജയരാജന്റെ കയ്യേറ്റ ദൃശ്യങ്ങള്‍
മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ രണ്ട് പേര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിലെ കയ്യേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദ്ദേശം സര്‍ക്കാരിനും പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി. തിരുവനന്തപുരം സിജെഎം കോടതി രണ്ട് ജഡ്ജി ലെനി തോമസാണ് വലിയതുറ പോലിസിന് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നവീന്‍, ഫര്‍സീന്‍ മജീദ് എന്നിവരുടെ ഹരജിയിലാണ് കോടതി നിര്‍ദ്ദേശം. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താനാണ് കോടതി ഉത്തരവ്.
ഇപിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ രണ്ട് പേര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനില്‍ കുമാര്‍, സുനീഷ് വിഎം എന്നിവര്‍ക്കെതിരെ കൂടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതിയുടെ നിര്‍ദ്ദേശം.
വിമാനത്തിനുള്ളിലെ കയ്യേറ്റ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് ഇപിയ്ക്ക് തിരിച്ചടിയായത്. ഈ ദൃശ്യങ്ങള്‍ കോടതി വിശദമായി പരിശോധിച്ചിരുന്നു. ലെവല്‍ ഒണ്‍ കുറ്റകൃത്യമാണ് നവീനും ഫര്‍സീനും ചെയ്തിട്ടുള്ളതെന്ന് നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ആഭ്യന്തര അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ലെവല്‍ ടു പ്രകാരം കൂടുതല്‍ വലിയ കുറ്റകൃത്യം ചെയ്തത് ഇപിയാണെന്നും അന്വേഷണകമ്മിഷന്‍ നിരീക്ഷിച്ചിരുന്നു.
കയ്യേറ്റം ചെയ്തവര്‍ക്കെതിരേ കേസെടുക്കാത്തത് വലിയ അനീതിയായി കോടതിയുടെ മുന്‍പില്‍ വന്നു. ഒരേ കേസില്‍, വലിയ കുറ്റകൃത്യം ചെയ്ത ആള്‍ക്കെതിരേ കേസെടുക്കാതിരുന്നാല്‍ അത് അനീതിയാകും എന്ന വിലയിരുത്തലിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ ഇപി ജയരാജനെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയെ അക്രമിക്കുന്നതില്‍ നിന്ന് ഇപി അക്രമികളെ തടയുകയാണ് ചെയ്തതെന്നായിരുന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞിരുന്നത്. മര്‍ദ്ദന ദൃശ്യം വ്യക്തമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്നാഴ്ച ഇപിയ്ക്ക് യാത്ര വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരേ കേസെടുത്തത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പ് ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നത് തന്നെ കാണണം.