മുഖ്യമന്ത്രി ചികില്‍സക്കായി വീണ്ടും അമേരിക്കയിലേക്ക്

വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുമെന്നാണ് വിവരം

Update: 2022-04-18 07:28 GMT

തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയില്‍ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കും എന്നതിലൊക്കെ വരും ദിവസങ്ങളില്‍ വിശദീകരണം ലഭിച്ചേക്കും. കഴിഞ്ഞ തവണ ഭാര്യ കമല അദ്ദേഹത്തെ അമേരിക്കയിലേക്ക് അനുഗമിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനിച്ചേക്കും. ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ശശി ഈ പദവിയിലേക്ക് എത്തും എന്നാണ് സൂചന. പുത്തലത്ത് ദിനേശനെ സിപിഎം സംസ്ഥാന സമിതി അംഗമാക്കിയ സാഹചര്യത്തിലാണ് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

അതിനിടെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് മുഖ്യമന്ത്രിക്ക് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്നു കാട്ടിയാണ് റദ്ദാക്കല്‍. തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നതു വരെ കാത്തിരിക്കണം.

ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലാണ് നടപടിക്രമങ്ങളില്‍ പാളിച്ചയുണ്ടായത്. മാര്‍ച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. തുടര്‍പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ, അധികമായോ തുക നല്‍കിയതായി കണ്ടാല്‍ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് പണമനുവദിച്ച ഉത്തരവില്‍ എഴുതി. ഇത് സ്വാഭാവികമാണ്. എന്നാല്‍ പിന്നാലെയാണ് ഇന്നലെ തുകയനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. മുന്‍ ഉത്തരവില്‍ വസ്തുതാപരമായ പിഴവുണ്ടെന്നാണ് വിശദീകരണം. ഇതോടെ തുക ലഭിക്കാനായി മുഖ്യമന്ത്രി ഇനിയും കാത്തിരിക്കണം.

തുക ലഭിക്കാനായി ആദ്യ അപേക്ഷ മുഖ്യമന്ത്രി നേരിട്ടാണ് നല്‍കിയിരുന്നത്. ഈ അപേക്ഷയില്‍ അധിക തുക വാങ്ങിയത് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടയ്ക്കണമെന്ന നിഷ്‌കര്‍ഷയാണ് പിഴവായതെന്നാണ് അനുമാനം. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമര്‍പ്പിക്കും. പിന്നീട് തുക നല്‍കാനായി പുതിയ ഉത്തരവിറക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കായി ചെലവായത്. ഭരണത്തലവന് വേണ്ടിയുള്ള പ്രധാന ഉത്തരവില്‍ കീഴിലുള്ള വകുപ്പിന് പാളിച്ചയുണ്ടായെന്നതാണ് ശ്രദ്ധേയം. 

Tags:    

Similar News