വിതുര ആദിവാസി ഊരില്‍ വീണ്ടും ക്രൂരത; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു
സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ വിനോദ്, ശരത് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വിതുര ആദിവാസി ഊരില്‍ വീണ്ടും പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് വിനോദ്, ശരത് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബസുഹൃത്തായ ഒന്നാം പ്രതി വിനോദ് മൂത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇളയ കുട്ടിയെ ശരത്തും പീഡിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം വീണ്ടും വിനോദ് പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വാടകവീട്ടില്‍ വച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലിസ് കണ്ടെത്തിയത്.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മലയിലെയും വിതുരയിലെയും ആദിവാസി ഊരുകളിലെ രക്ഷിതാക്കള്‍ ഭീതിയിലാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഞ്ച് ആദിവാസി പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്. എല്ലാവരും കോളജുകളിലോ സ്‌കൂളുകളിലോ പഠിച്ച് കൊണ്ടിരുന്നവര്‍. പെരിങ്ങമ്മലയില്‍ മൂന്ന് പെണ്‍കുട്ടികളും വിതുരയിലെ രണ്ടുപേരുമാണ് ആത്മഹത്യ ചെയ്തത്.
എല്ലാ മരണങ്ങള്‍ക്ക് പിന്നിലും ഒരുപോലുള്ള കാരണങ്ങളാണ്. പ്രണയത്തിലാണ്് തുടക്കം. പിന്നീട് ലഹരിക്ക് അടിമയാക്കും. പീഡന സമ്മര്‍ദ്ധങ്ങള്‍ക്കിടെ ആത്മഹത്യ ചെയ്യും. ഒരു പാട് ദുരൂഹയുള്ളതാണ് ഒരോ ആത്മഹത്യയും. കഴിഞ്ഞ ഒക്ടോബറിലാണ് പ്രദേശത്ത് ആദ്യ ആത്മഹത്യ നടക്കുന്നത്. ഇടിഞ്ഞാര്‍ ഒരുപറകരിക്കകത്ത് ഊരിലെ അജ്ഞലി സുധീഷ്(19) ആണ്് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. പ്രണയം തകര്‍ന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പറയുന്നത്. ഇതിന് ശേഷമാണ് മറ്റു ആത്മഹത്യകള്‍ തുടരെ നടക്കുന്നത്. ഈ കേസിലെ പ്രതികളെയും പിന്നിലുള്ള സംഘത്തെയും പോലിസ് പിടികൂടിയിരുന്നെങ്കില്‍ മറ്റ് നാലു ജീവനുകള്‍ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു.
ഇടിഞ്ഞാര്‍ വിട്ടിക്കാവില്‍ 17കാരിയെ കഴിഞ്ഞ നവംബര്‍ ഒന്നിനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പെരിങ്ങമ്മലയിലെ തന്നെ അഗ്രിഫാം ഒരുപറകരിക്കകം ആദിവാസി ഊരിലെ 16കാരി നവംബര്‍ 21നും ജീവനൊടുക്കി.
തൊട്ടടുത്ത വിതുര പഞ്ചായത്തിലെ ആനപ്പാറ നാരകത്തില്‍കാല ഊരിലെ പതിനെട്ടുകാരി കൃഷ്‌ണേന്തുവിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് ജനുവരി 10നാണ്.
ഇതിനടുത്തുള്ള ചെമ്പിക്കുന്ന് ഊരിലെ രേശ്മ(18)തൂങ്ങി മരിച്ചത് ശ്രീകാര്യത്തെ ഹോസ്റ്റലില്‍ വച്ചാണ്. ആത്മഹത്യ ചെയ്തവരെല്ലാം ഒരേ പ്രദേശത്തുകാര്‍. പുറത്ത് വന്ന പോസ്റ്റ് മാര്‍ട്ടം റിപോര്‍ട്ടുകളില്‍ ഏതാണ്ടെല്ലാവരും ആത്മഹത്യക്ക് മുന്‍പ് പീഡനത്തിന് ഇരയായിട്ടുണ്ട്.