പ്രായം, യാത്രാചരിത്രം, വാക്‌സിനേഷന്‍ സ്റ്റാറ്റസ്; രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ പൊതു വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ നാല് പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതില്‍ രണ്ടെണ്ണം കര്‍ണാടകയിലും ഒന്ന് ഗുജറാത്തിലും നാലാമത്തേത് മഹാരാഷ്ട്രയിലുമാണ്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ ഇന്ത്യക്കാരനല്ല, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിക്കും മുമ്പ് രാജ്യം വിട്ടിരുന്നു.
രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നായി ജീനോ സീക്വന്‍സിങ്ങിനുവേണ്ടി സാംപിളുകള്‍ ലാബുകളിലേക്ക് എത്തിയിട്ടുണ്ടെങ്കിലും അതില്‍ പോസിറ്റീവായത് ഇവര്‍ നാല് പേര്‍ക്കു മാത്രം. പലരുടെയും പരിശോധന പുരോഗമിക്കുന്നു. ഇതുവരെ രോഗം ബാധിച്ചവരില്‍ നാല് പേരും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതുവരെ രോഗം ബാധിച്ചവരെല്ലാം പുരുഷന്മാരാണ്. പ്രായത്തില്‍ സമാനതകളില്ല. രണ്ട് പേര്‍ പ്രായമായവരും രണ്ട് പേര്‍ മധ്യവയസ്‌കരും. രോഗം ബാധിച്ചവരില്‍ ഒരാള്‍ ഇതുവരെ വാക്‌സിന്‍ എടുക്കാത്തയാളാണ്. ഇവരില്‍ ഒരാള്‍ക്കു പോലും രോഗലക്ഷണങ്ങളില്ല.
ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് കര്‍ണാടകയില്‍നിന്നാണ് റിപോര്‍ട്ട് ചെയ്തത്. 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി. അദ്ദേഹത്തിന്റെ പ്രാഥമിക, ദ്വദീയ സമ്പര്‍ക്കപ്പട്ടികയില്‍ എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു. അദ്ദേഹം നവംബര്‍ 20ന് ഇന്ത്യയിലെത്തി. പോസിറ്റീവായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍ അദ്ദേഹത്തെ ഹോട്ടലില്‍ സന്ദര്‍ശിച്ച് ഐസൊലേഷന്‍ നിര്‍ദേശിച്ചു. അതിനിടയില്‍ സാംപിള്‍ എടുത്ത് പരിശോധിച്ചു. ഒമിക്രോണ്‍ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്. അതിനുമുമ്പ് അദ്ദേഹം രാജ്യം വിട്ടു.
നവംബര്‍ 23നാണ് അദ്ദേഹം ഒരു ലാബില്‍ തന്റെ സാംപിള്‍ പരിശോധിച്ചത്. ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നവംബര്‍ 27ന് രാജ്യം വിട്ടു. ദുബയിലേക്കാണ് പോയത്. രണ്ട് വാക്‌സിനും എടുത്തയാളാണ്. അദ്ദേഹത്തിന് എങ്ങനെയാണ് നെഗറ്റീവ് കൊറോണ ഫലം ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
രണ്ടാമത്തെ ഒമിക്രോണ്‍ രോഗി ഒരു ഡോക്ടറാണ്, അതും കര്‍ണാടകയില്‍ നിന്ന്. 46 വയസ്സുള്ള ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. അദ്ദേഹം ഒരു അനസ്‌തേഷ്യാ വിദഗ്ധനാണ്. ചെറിയ രോഗലക്ഷണങ്ങളെയുള്ളൂ. നവംബര്‍ 21നായിരുന്നു അത്. അദ്ദേഹത്തിന്റെ സാംപിളില്‍ വൈറസിന്റെ അളവ് കൂടുതലായി കണ്ടതിനെത്തുടര്‍ന്നാണ് ജീനോം പരീശോധനക്കയച്ചത്.
ഫെബ്രുവരിയില്‍ രണ്ട് വാക്‌സിനും എടുത്തയാളാണ്. പക്ഷേ, ആന്റിബോഡിയുടെ അളവ് വളരെ കുറവാണ്. അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയില്‍ നടത്തിയ ആന്റിബോഡി പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
അദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ലാത്തതുകൊണ്ട് രോഗം എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. നവംബര്‍20ന് അദ്ദേഹം ഒരു അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ നിരവധി വിദേശികളും എത്തിയിരുന്നു. എന്നാല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും മുമ്പ് രോഗബാധയുണ്ടായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.
മൂന്നാമത്തെ കേസ് ഗുജറാത്തില്‍ നിന്നാണ്. 72 വയസ്സുള്ള ജാംനഗര്‍ സ്വദേശി. അദ്ദേഹം സിംബാബ്‌വെയില്‍ നിന്ന് വന്നയാളാണ്. നവംബര്‍ 28ന് നാട്ടിലെത്തിയ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകിരിച്ചു. ഡിസംബര്‍ 2 ന് ഒമിക്രോണ്‍ ആണെന്ന് തിരിച്ചറിഞ്ഞു. രണ്ട് വാക്‌സിനും എടുത്തയാളാണ്. അദ്ദേഹത്തിന് ചെറിയ തൊണ്ടപ്രശ്‌നവും ക്ഷീണവുമുണ്ട്.
അദ്ദേഹം ദീര്‍ഘകാലമായി സിംബാബ്‌വെയിലാണ് താമസം, ജാംനഗറില്‍ ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനെത്തിയതാണ്.
നാലാമത്തെയാള്‍ മഹാരാഷ്ട്രക്കാരനാണ്. 33 വയസ്സുള്ള മറൈന്‍ എഞ്ചിനീയര്‍. ഏപ്രില്‍ മുതല്‍ കപ്പലിലായതിനാല്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് കല്യാന്‍ ഡോംബിവിലി മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.
നവംബര്‍ അവസാനം വരെ അദ്ദേഹം കപ്പലിലായിരുന്നു. കപ്പല്‍ സൗത്ത് ആഫ്രിക്കയിലെത്തിയ ശേഷം നാട്ടിലേക്ക് പോരാന്‍ അനുമതി ലഭിച്ചു.
അദ്ദേഹമിപ്പോള്‍ കൊവിഡ് സെന്ററിലാണ്. നവംബര്‍ 24ന് ചെറിയ പനിയുണ്ടായി. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ എല്ലാവരും നെഗറ്റീവാണ്.