ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി സാമ്പത്തികവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നു
ന്യൂഡല്‍ഹി: അടുത്ത മാസം ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രധാന സാമ്പത്തികവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നു. കൊവിഡ് കാലത്തെ സാമ്പത്തികത്തകര്‍ച്ചയുടെ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ചുള്ള ആലോചയുടെ ഭാഗമാണ് കൂടിക്കാഴ്ച.
രാജ്യത്തെ ആസൂത്രണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന നിതി ആയോഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ഓണ്‍ലൈന്‍ ആയി നടക്കുന്ന പരിപാടിയില്‍ നിതി ആയോഗ് സിഇഒ അമിതാബ് കാന്ത്, ചെയര്‍മാന്‍ രാജീവ് കുമാര്‍ എന്നിവരും പങ്കെടുക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വളര്‍ച്ച 7.5 ശതമാനം കണ്ട് കുറയുമെന്ന് ആര്‍ബിഐ മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി എടുക്കുന്നത്. ഐഎംഎഫിന്റെ കണക്കുപ്രകാരം 10.3 ശതമാനം വളര്‍ച്ചാക്കുറവാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ജനുവരി 29നാണ് തുടങ്ങുന്നത്. ഏപ്രില്‍ 8ന് സമ്മേളനം അവസാനിക്കും. പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ബജറ്റ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 29നു തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 8ന് തുടങ്ങി ഏപ്രില്‍ 8ന് അവസാനിക്കും. ജനുവരി 29ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.