തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ഹൈക്കമാന്‍ഡ്

തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ നേതാക്കളെ വിളിച്ച് ഇന്നലെ അഭിപ്രായം തേടിയിരുന്നു

Update: 2021-05-26 07:04 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ഡിസിസികളും പുനസംഘടിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. നേതൃതലത്തില്‍ മാത്രം മാറ്റം വന്നത് കൊണ്ട് കാര്യമില്ലെന്ന് ഡിസിസികളിലും മാറ്റം വേണമെന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചു. കേരളത്തിലെ തോല്‍വി സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കുന്ന അശോക് ചവാന്‍ കമ്മിറ്റി നേതാക്കളെ വിളിച്ച് ഇന്നലെ അഭിപ്രായം തേടിയിരുന്നു. കേരള നേതാക്കളുമായി ഓണ്‍ലൈന്‍ മീറ്റിങ്ങും നടത്തിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിലെ പുതുതലമുറ ബൂത്ത് തലം മുതല്‍ അഴിച്ച് പണി വേണമെന്നാണ് നേതാക്കളോട് പറഞ്ഞിരിക്കുന്നത്. താഴെ തട്ടില്‍ പ്രവര്‍ത്തനം ദുര്‍ബലമായതും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് കെ മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ എന്നീ പദവികളില്‍ മാറ്റമുണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ മാത്രം മാറ്റമുണ്ടായത് കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഡിസിഡി പ്രസിഡന്റുമാരെ നീക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു. പാര്‍ലമെന്റ് അംഗം കൂടിയായ ശ്രീകണ്ഠന്‍, ഇരട്ടപ്പദവിയില്‍ നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഹൈക്കമാന്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, ഒരു മുഴം മുന്‍പേ രാജിവെക്കുന്നതായി ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചതാണെന്നും സൂചനയുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസില്‍ സമഗ്രമാറ്റം വേണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പൂര്‍ണമായും ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ചുള്ള ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍, പുനസംഘടന വലിയ വെല്ലുവിളിയാകും.

Tags:    

Similar News