മോദിക്ക് 'ചൈനാപ്പേടി'യെന്ന് എഐഎംഐഎം മേധാവി ഉവൈസി

Update: 2021-10-19 06:38 GMT

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ചൈനാപ്പേടി'യെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മോദിക്ക് രണ്ട് കാര്യങ്ങളെയാണ് പേടിയുള്ളത്, ഒന്ന് ഉയരുന്ന ഇന്ധന വില, മറ്റൊന്ന് ഇന്ത്യാ ചൈനാ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അതിക്രമങ്ങള്‍- ഉവൈസി പരിഹസിച്ചു.

''പാകിസ്താന്‍ എന്തെങ്കിലും ചെയ്താല്‍ അതിനെതിരേ ആദ്യം പ്രതികരിക്കുന്നയാളാണ് പ്രധാനമന്ത്രി മോദി. പക്ഷേ, ചൈനയ്‌ക്കെതിരേ പറയാന്‍ അദ്ദേഹത്തിന് പേടിയാണ്. പാകിസ്താന്‍ പുല്‍വാമയില്‍ ആക്രമണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി പാകിസ്താനില്‍ കടന്നുകയറി. എന്നാല്‍ ഇപ്പോള്‍ ചൈന അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രവേശിച്ചപ്പോള്‍ ഒന്നും ചെയ്യുന്നില്ല. ചൈനയെ പേടിയായതുകൊണ്ട് ചൈനയില്‍ നിന്നുള്ള പഞ്ചസാര പോലും മോദി ഒഴിവാക്കുകയാണ് ''-  ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ ഉവൈസി പറഞ്ഞു.

കശ്മീരില്‍ പാകിസ്താന്‍ ഇന്ത്യക്കാരുടെ ജീവനെടുക്കുമ്പോള്‍ ഇന്ത്യന്‍ ടീം പാകിസ്താനുമായി ടി 20 ക്രിക്കറ്റ് കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു: ''ജമ്മുവില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ മരിച്ചുവീഴുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നു''. കശ്മീരില്‍ സായുധര്‍ സാധാരണക്കാരെ കൊലചെയ്യുമ്പോള്‍ അമിത് ഷാ ഒന്നും ചെയ്യാതിരിക്കുകയാണ്. അനുച്ഛേദം 370 പിന്‍വലിച്ചത് കശ്മീരില്‍ ഗുണകരമായ ഒരു മാറ്റവുമുണ്ടാക്കിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    

Similar News