ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പോലിസ് വേട്ട അവസാനിപ്പിക്കണം: റോയ് അറയ്ക്കല്‍
13 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ജനപ്രതിനിധി, ജില്ലാ ഖജാന്‍ജി, മണ്ഡലം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെ അര്‍ധരാത്രി വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത് ആരെ തൃപ്തിപ്പെടുത്താനാണെന്നു മനസിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി
ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയഭീതി മൂലം പോലിസ് തേര്‍വാഴ്ചയിലൂടെ സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കം ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുളം കലക്കി മീന്‍ പിടിക്കാനുള്ള ഹീനമായ രാഷ്ട്രീയ തന്ത്രമാണ് പയറ്റുന്നത്. ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ എസ്ഡിപിഐക്ക് യാതൊരു പങ്കുമില്ലെന്നിരിക്കേ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലിന്റെ ഭാര്യ മാത്രം വീട്ടിലുള്ളപ്പോള്‍ അര്‍ധരാത്രി മതില്‍ ചാടി കടന്ന് വീരപ്പനെ വേട്ടയാടിയതുപോലെ പോലിസ് സംഘം സിനിമാ സ്‌റ്റൈല്‍ ഷോ കാണിച്ചത് ജനാധിപത്യ വിരുദ്ധമാണ്. 13 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ജനപ്രതിനിധി, ജില്ലാ ട്രഷറര്‍, മണ്ഡലം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെ അര്‍ധരാത്രി വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത് ആരെ തൃപ്തിപ്പെടുത്താനാണെന്നു മനസിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റു ചെയ്തതിലൂടെ ചിലര്‍ക്കുണ്ടായ അതൃപ്തിയില്‍ തൂക്കമൊപ്പിക്കാനാണ് ഇപ്പോള്‍ പുതിയ പോലിസ് വേട്ട നടത്തുന്നത്. പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയാണെന്നു മനസിലാക്കാതെയല്ല തികച്ചും ബോധപൂര്‍വമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ പരിപാടി എന്നാരോപിച്ചത്. ഇത് രാഷ്ട്രീയ ദുഷ്ടലാക്കാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും. ആര്‍എസ്എസ് ഭാഷ്യം അതേപടി ഏറ്റുപിടിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുള്‍പ്പെടെയുള്ളവര്‍ യഥാര്‍ത്ഥത്തില്‍ സംഘപരിവാരത്തിന് മണ്ണൊരുക്കുകയാണ്.
ഒരു വിഭാഗത്തെ വേട്ടയാടിയാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകൂ എന്ന സാഹചര്യം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഒരു കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചു എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സാമൂഹിക അരാജകത്വും ശൈഥില്യവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം അപകടകരമാണ്. ജനം ടിവിയും ആര്‍എസ്എസ്സും എഡിറ്റ് ചെയ്ത് വികൃതമാക്കിയ ഒരു വീഡിയോ ക്ലിപ്പിനെ ഉപയോഗിച്ച് നവ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളെ പിശാചുവല്‍ക്കരിക്കാനും പൊതുസമൂഹത്തില്‍ തൊട്ടുകൂടാത്തവരാക്കി ചിത്രീകരിക്കാനുമുള്ള ദുഷ്ട ശ്രമം വിപരീത ഫലം ചെയ്യും.
കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ തൊട്ടവരെയും കണ്ടവരെയും തടവിലാക്കുന്ന പോലിസ് തിരുവനന്തപുരത്തും വെണ്ണലയിലും പിസി ജോര്‍ജിന് വേദിയൊരുക്കിയ സംഘാടകരുള്‍പ്പെടെ ആരെയൊക്കെ അറസ്റ്റുചെയ്‌തെന്നു വ്യക്തമാക്കണം. ദുര്‍ഗാദാസും വടയാര്‍ സുനിലും ഉള്‍പ്പെടെ വിദ്വേഷത്തിന്റെ കാളകൂടം വിസര്‍ജ്ജിച്ചവര്‍ സൈ്വര്യവിഹാരം നടത്തുകയാണ്. പോപുലര്‍ ഫ്രണ്ട് പരിപാടിയുടെ അന്നു രാവിലെ ആലപ്പുഴയില്‍ പ്രകോപനപരമായ ഗാനവും മുദ്രാവാക്യവും മുഴക്കിയ ബജ്‌റങ് ദള്‍ നേതാക്കള്‍ക്കെതിരേ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കെ റെയില്‍ ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നടപടികള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാന്‍ ബോധപൂര്‍വം വിഷയം മാറ്റുകയും ഒപ്പം സംഘപരിവാരത്തിന്റെയും ക്രിസംഘികളുടെയും വോട്ട് അനുകൂലമാക്കാനുമുള്ള വിഫല ശ്രമമാണ് ഇടതു സര്‍ക്കാരും സിപിഎമ്മും പയറ്റുന്നത്. ഇത്തരം നടപടികള്‍ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുമെന്നും ഇടതു സര്‍ക്കാര്‍ അധികാരം മാത്രം ലക്ഷ്യംവെച്ചുള്ള കുടിലതന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി സാലിം എന്നിവരും സംബന്ധിച്ചു.