യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാനം പറത്തി; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ

Update: 2024-08-23 15:06 GMT

ന്യൂഡല്‍ഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാനം പറത്തിയതിന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്‌ക്കെതിരേ വ്യോമയാന നിയന്ത്രണ സ്ഥാപനമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) 90 ലക്ഷം രൂപ പിഴ ചുമത്തി. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍, ട്രെയിനിങ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ യഥാക്രമം ആറു ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പിഴ അടയ്ക്കണം. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

    ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് വഴി സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 'എയര്‍ ഇന്ത്യ പരിശീലനം ലഭിക്കാത്ത പൈലറ്റുമായി വിമാനം പറത്തി. യോഗ്യതയില്ലാത്ത സഹ പൈലറ്റായിരുന്നു കൂടെയുണ്ടായിരുന്നതെ'ന്നാണ് റിപോര്‍ട്ടിലുണ്ടായിരുന്നത്. ജൂലൈ 22ന് പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടിസിലൂടെ പൈലറ്റിനും എയര്‍ലൈനിലെ ഉദ്യോഗസ്ഥര്‍ക്കും അവരുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ തൃപ്തികരമായ മറുപടി നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും ഡിജിസിഎ അറിയിച്ചു.

Tags:    

Similar News