ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു; 2,750 പേര്‍ക്ക് പരിക്ക്

ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Update: 2024-09-17 17:19 GMT

ബെയ്റൂത്ത്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരും ഹിസ്ബുള്ള അംഗങ്ങളും ലെബനനിലെ ഇറാന്‍ സ്ഥാനപതിയും ഉള്‍പ്പെടെ 2750 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമല്ല.  ഇസ്രായേലിന്റെ ഹാക്കിങ്ങാണ് പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന സംശയം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രായേല്‍ സ്ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജന്‍സിയിലെ വൃത്തങ്ങള്‍ പറഞ്ഞു.

ഏറ്റവും പുതിയ മോഡല്‍ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ബൈക്കുകളിലും ആംബുലന്‍സുകളിലുമായാണ് ആശുപത്രികളിലേക്ക് എത്തിച്ചത്. മരിച്ചവരില്‍ ഒരാള്‍ ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള അംഗത്തിന്റെ മകനാണ്. ലെബനനിലെ ഇറാന്‍ അംബാസഡറായ മൊജ്തബ അമാനിക്ക് നിസ്സാര പരിക്കേറ്റുവെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

പേജറുകള്‍ പൊട്ടിത്തെറിച്ചത് ഇസ്രായേലുമായുള്ള സംഘര്‍ഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിര്‍ന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു.അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായില്ല. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഹിസ്ബുള്ള അറിയിച്ചു.





Tags:    

Similar News