അല്‍ ജസീറ റിപോര്‍ട്ടര്‍ മഹമൂദ് ഹുസൈന്റെ അന്യായ തടവ് 1400 ദിവസം പിന്നിട്ടു

'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു'' എന്നാണ് ഹുസൈനെതിരെ ആരോപിക്കപ്പെട്ട കുറ്റം.

Update: 2020-10-23 09:51 GMT

കെയ്‌റോ: ഈജിപ്ഷ്യന്‍ അധികൃതര്‍ തടവിലാക്കിയ അല്‍ ജസീറ റിപോര്‍ട്ടര്‍ മഹമൂദ് ഹുസൈന്റെ ജയില്‍വാസം 1400 ദിവസം പിന്നിട്ടു. വിചാരണയോ ശിക്ഷയോ കൂടാതെ അന്യായമായാണ് ഖത്തറിലെ അല്‍ ജസീറ അറബിക് ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ പൗരനായ ഹുസൈനെ 2016 ഡിസംബര്‍ 23 ന് കെയ്റോയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിഴിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഈജിപ്ഷ്യന്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു'' എന്നാണ് ഹുസൈനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഈജിപ്ഷ്യന്‍ നിയമപ്രകാരം, ഒരു വ്യക്തിയെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുറ്റപത്രം നല്‍കാതെ തടവിലിടുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ഹുസൈന്റെ തടവു ജീവിതം മൂന്ന് വര്‍ഷവും എട്ട് മാസവുമായിട്ടും മോചനമില്ലാതെ തുടരുകയാണ്. 'ഈജിപ്തില്‍ ജേണലിസം ഒരു കുറ്റമായി മാറിയിരിക്കുന്നു' എന്നാണ് ഹുസൈന്റെ അന്യായ തടവു സംബന്ധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞത്. കൊവിഡിന്റെ പശ്ചാതലത്തില്‍ ജയിലില്‍ നിന്നും തങ്ങളുടെ റിപോര്‍ട്ടറെ വിട്ടയക്കണമെന്ന് അല്‍ ജസീറ ഈജിപ്തിനോട് ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍, അന്തര്‍ദേശീയ നിയമങ്ങളുടെ ഗുരുതരമായ ലംഘനമായ മഹമൂദിന്റെ തടങ്കല്‍ അപലപനീയമാണ്. അത് അവസാനിക്കണമെന്നും അല്‍ ജസീറ ആവശ്യപ്പെട്ടു.

2013ല്‍ മുസ്ലീം ബ്രദര്‍ഹുഡിലെ മുതിര്‍ന്ന അംഗമായ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ സ്ഥാനഭ്രഷ്ടിനു ശേഷമാണ് അല്‍ ജസീറയെ ഈജിപ്തിന്റെ ദേശീയ ശത്രുവായി കാണാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അല്‍ ജസീറയെ നിരോധിച്ചു. അല്‍ ജസീറയുമായി സഹകരിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്ത മുതിര്‍ന്ന ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് മോനിര്‍ ജയിലില്‍ വെച്ച് കൊവിഡ് ബാധിതനായി മരിച്ചിരുന്നു.

Tags:    

Similar News