എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍: മുഖ്യമന്ത്രി
സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ആരോഗ്യരംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇകേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചികിത്സാരംഗത്ത് നാം കൈവരിച്ച നേട്ടങ്ങളും മറ്റും ഇത്തരത്തില്‍ ജീവിതശൈലീ രോഗങ്ങളുടെ സാന്നിദ്ധ്യം കാരണം പിന്നോട്ടടിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ 30 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ സംബന്ധിച്ചും വിവരശേഖരണം നടത്താന്‍ ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ജന്തുജന്യ രോഗങ്ങള്‍ വലിയ തരത്തിലുള്ള ഭീഷണിയാണ് മാനവരാശിക്ക് ഉണ്ടാക്കുന്നത്. ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സംഭവങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് 'വണ്‍ ഹെല്‍ത്ത്' പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആരംഭിക്കുന്നത്. ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിലും വലിയ തോതിലുള്ള ജനപങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ആരോഗ്യരംഗത്തെ ഇടപെടലുകളുടെ ജനകീയ മാതൃക ഒരുക്കിയ അടിത്തറ കേരളത്തിന്റെ ആരോഗ്യ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ പോലെ ഈ സര്‍ക്കാരും ആരോഗ്യമേഖലയെ സവിശേഷ ശ്രദ്ധയോടെ കാണുകയാണ്. അതിന്റെ ദൃഷ്ടാന്തമായി മാറുകയാണ് ഉദ്ഘാടനം ചെയ്ത ഈ പദ്ധതികള്‍. കഴിഞ്ഞ ഒരു വര്‍ഷം ആരോഗ്യമേഖലയില്‍ നാം കൈവരിച്ച നേട്ടങ്ങളിലേക്ക് കണ്ണോടിച്ചാല്‍ തന്നെ ഈ സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം മനസിലാവും.
ആശുപത്രികളില്‍ എത്താതെ തന്നെ രോഗികള്‍ക്ക് വീട്ടില്‍ സൗജന്യ ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് അവര്‍ ആയിരിക്കുന്ന ഇടങ്ങള്‍ക്കു തൊട്ടടുത്തുതന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി. പക്ഷാഘാതത്തിനും രോഗികള്‍ക്ക് അവരുടെ ജില്ലകളില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കി. കൊവിഡ് സാഹചര്യത്തില്‍ അവയവദാനത്തിനു നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു. അതിനായി കെസോട്ടോ എന്ന പേരില്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. സാങ്കേതിക വിദ്യയുടെ മുന്നേറ്റം ഉപയോഗപ്പെടുത്തിക്കൊണ്ട് ഓണ്‍ലൈനായി ആശുപത്രി അപ്പോയ്ന്‍മെന്റുകള്‍ ലഭ്യമാക്കുന്ന സംവിധാനം സജ്ജമാക്കി. സംസ്ഥാനത്തിന്റെയാകെ ഓക്‌സിജന്‍ ലഭ്യത, ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവ വലിയ തോതില്‍ ഉര്‍ത്തിയിട്ടുണ്ട്.
നാടിനെ പുരോഗമനപരമായി മുന്നോട്ടു കൊണ്ടുപോയി നവകേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ പൊതുജനാരോഗ്യ സംവിധാനത്തിനും കൃത്യമായ പങ്കുവഹിക്കാന്‍ കഴിയും. അതിനായി നമ്മുടെ പൊതുജനാരോഗ്യ മേഖലയെ സജ്ജമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ ഒരു മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.