എല്ലാ നഗരങ്ങളും ചേരികളായി; ഗുജറാത്തിലെ റെയില്‍വേ ലൈനുകളിലെ ചേരികള്‍ ഒഴിപ്പിക്കാന്‍ അന്ത്യശാസനം നല്‍കി സുപ്രിംകോടതി

Update: 2021-12-16 17:18 GMT

ന്യൂഡല്‍ഹി: റെയില്‍വേ പാളങ്ങള്‍ക്കരികില്‍ സ്ഥലം കയ്യേറി കുടിലു കെട്ടി പാര്‍ക്കുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗുജറാത്തിലെ സൂറത്തില്‍ റെയില്‍പാതക്കരികില്‍ കെട്ടിയ 5000 കുടിലുകള്‍ ഉടന്‍ പൊളിച്ചുനീക്കാനും കോടതി ഉത്തരവിട്ടു.

ഇന്ത്യയിലെ എല്ലാ നഗരങ്ങളും ചേരികളായി മാറി. 75 വര്‍ഷമായുള്ള കഥയാണ് ഇത്. നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്- സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

റെയില്‍വേ ചേരികളില്‍ താമസിക്കുന്നവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. റെയില്‍വേ ചേരികള്‍ പൊളിച്ചുനീക്കുന്നത് തടയണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. അതാണ് കോടതി തള്ളിയത്.

ചണ്ഡീഗഢ് ഒഴിച്ചുള്ള നഗരങ്ങള്‍ നോക്കൂ. എല്ലായിടവും ചേരികളാണ്. ഇത് എല്ലായിടത്തും സംഭവിക്കുന്നു. നമുക്ക് യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിക്കാം. പരിഹാരം അന്വേഷിക്കാം- ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ പറഞ്ഞു. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് സി ടി രവികുമാറുമാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ചേരികള്‍ ഉടന്‍ പൊളിച്ചുനീക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാവണം. ഉദ്യോഗസ്ഥരാണോ കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് കോടതി ആരാഞ്ഞു. 

ചേരിയില്‍ നിന്ന് പുറത്തുപേകേണ്ടിവരുന്നവര്‍ക്ക് സര്‍ക്കാര്‍ 2000 രൂപ വീതം ആറ് മാസത്തേക്ക് നല്‍കണം. ചേരി നിവാസികള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് നിര്‍മിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News