സംസ്ഥാനത്ത് പനിബാധിക്കുന്നവരൊക്കെ ഇനി കൊവിഡ് പരിശോധനക്ക് വിധേയരാവേണ്ടിവരും
കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികില്‍സ തേടുന്നവരെയൊക്കെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ നടപടി. പനിയടക്കമുള്ള രോഗ ലക്ഷണങ്ങളുണ്ടായിട്ടും കൊവിഡ് പരിശോധന നടത്താതെ സ്വകാര്യ ചികില്‍സ നടത്തുന്നത് ഒഴിവാക്കാനും രോഗ വ്യാപനം തടയാനുമാണ് നിര്‍ദ്ദേശം.
പനി ബാധിച്ച് സ്വകാര്യ ചികില്‍സക്ക് വിധേയരാവുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭ്യമാക്കും. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം കൈമാറി. പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും കോഴിക്കോട് ജില്ലാ കലക്ടര്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി. മറ്റു ജില്ലകളിലും ഇതു നടപ്പാക്കും.
പനിക്ക് മരുന്നുകള്‍ വാങ്ങുന്നവരെ കുറിച്ചുള്ള വിവരം സ്വകാര്യ ഫാര്‍മസികള്‍ പിഎച്ച്‌സികളെ അറിയിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാന്‍ പാടില്ല. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഫാര്‍മസികള്‍ക്കും നോട്ടീസ് നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടിമാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.