പ്രവാസികള്‍ക്ക് ആവര്‍ത്തിച്ചുള്ള കൊവിഡ് പരിശോധന: ഹൈക്കോടതിയെ സമീപിക്കുമെന്ന് 'പ്ലീസ് ഇന്ത്യ'
റിയാദ്: ഗള്‍ഫ് നാടുകളില്‍ കൊവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹജാരാക്കി നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസികള്‍ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുമ്പോള്‍ വീണ്ടും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരെ സൗദിയിലെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ - പ്ലീസ് ഇന്ത്യ ഹൈക്കോടതിയില്‍ ഹരജി നല്‍കും. പ്ലീസ് ഇന്ത്യ ഗ്ലോബല്‍ ഡയറക്ടര്‍ അഡ്വ.ജോസ് എബ്രഹാം മുഖേന ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെയര്‍മാന്‍ ലത്തീഫ് തെച്ചി അറിയിച്ചു.
72 മണിക്കൂര്‍ കാലാവധിയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിലും അതത് എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് കരസ്ഥാമാക്കിയ ശേഷമേ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ എയര്‍പോര്‍ട്ടുകളിലെത്തിയ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.