കീഴ്‌കോടതികള്‍ ഏപ്രില്‍ 21 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ലോക്ക് ഡൗണ്‍ തുടരുന്നതിനിടയിലും താഴെ തലത്തിലുള്ള എല്ലാ കീഴ്‌കോടതികളും ഏപ്രില്‍ 21 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം.
''അലഹബാദ് ഹൈക്കോടതിയുടെ കീഴിലുളള ക്ലസ്റ്റര്‍ ലോക്ക് ഡൗണിനു പുറത്തുള്ള എല്ലാ കോടതികളും മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലുകളും ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ അതോറിറ്റികളും അടക്കം ഏപ്രില്‍ 21ന് തുറന്നുപ്രവര്‍ത്തിക്കണം'' ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ക്ലസ്റ്റര്‍ ലോക്ക് ഡൗണിനകത്തുള്ള കോടതി ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്കും ഇളവുണ്ട്.
ഏപ്രില്‍ 20 നു ശേഷം കൂടുതല്‍ പ്രദേശങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ പ്രാബല്യത്തിലുണ്ട്. രാജ്യം കൊറോണ വ്യാപനഭീതിയിലായ മാര്‍ച്ച് 25നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.