നിരോധിത സംഘടനകള്‍ക്ക് പണം നല്‍കിയെന്ന് ആരോപണം; കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: കശ്മീരിലെ പ്രമുഖ ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഖുറം പര്‍വേശിനെ നിരോധിത സംഘടനകള്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തി.
കഴിഞ്ഞ ദിവസം ഖുറം പര്‍വേശിന്റെ വീടും ഓഫിസും എന്‍ഐഎ സംഘം പരിശോധിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. പരിശോധനയില്‍ ഐഐഎക്കു പുറമെ ജമ്മു കശ്മീര്‍ പോലിസ്, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളും പങ്കെടുത്തു.
ശ്രീനഗറിലെ അമിറകടലിലെ ഓഫിസും സൊന്‍വാറിലെ വീടുമാണ് എന്‍ഐഎ റെയ്ഡ് ചെയ്തത്. ജമ്മു കശ്മീരില്‍ മറ്റ് ചില കേന്ദ്രങ്ങളിലും സമാനമായ പരിശോധനകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനെതിരേ യുഎപിഎ വകുപ്പനുസരിച്ചാണ് കേസെടുത്തതെന്ന് ഏജന്‍സിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വൈകീട്ട് പര്‍വേസിന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏജന്‍സിയുടെ ഓഫിസില്‍ എത്തിച്ച് ചോദ്യം ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പര്‍വേസിന്റെ വീടും ഓഫിസും ഉള്‍പ്പെടെ താഴ്‌വരയിലെ നിരവധി സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
2016ല്‍ പര്‍വേസിനെതിരേ പിഎസ്എ(പൊതു സുരക്ഷാ നിയമം) ചുമത്തിയിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനുവേണ്ടി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്നദ്ദേഹത്തിന് 76 ദിവസം ജയിലില്‍ കിടക്കേണ്ടിവന്നു.
ഏഷ്യന്‍ ഫെഡറേഷന്‍ എഗയ്ന്‍സ്റ്റ് ഇന്‍വൊളണ്ടറി ഡിസപ്പിയറന്‍സസ് ചെയര്‍പേഴ്‌സനും ജമ്മു കശ്മീര്‍ കൊയലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി പ്രോഗ്രം കോര്‍ഡിനേറ്ററുമാണ് പെര്‍വേസ്. 2004 പാര്‍ലമെന്ററി തിരഞ്ഞെടുപ്പിനിടയില്‍ നടന്ന ലാന്‍ഡ് മൈന്‍ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ഒരു കാല് നഷ്ടപ്പെട്ടു.