വന്ദേഭാരത്, സില്‍വര്‍ലൈന് പകരമാവില്ലെന്ന് അലോക് കുമാര്‍ വര്‍മ

Update: 2022-02-02 07:31 GMT

തിരുവനന്തപുരം; ശശി തരൂര്‍ പറയുന്നതുപോലെ വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമാവില്ലെന്ന് റെയില്‍വേ വിദഗ്ധനും സിര്‍വര്‍ലൈന്‍ പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയ വിദഗ്ധനുമായ അശോക് കുമാര്‍ വര്‍മ.

വന്ദേഭാരത് ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതിയില്‍ ഓടുമെങ്കിലും കാസര്‍കോഡ്, തിരുവനന്തപുരം റെയില്‍വേ സ്ട്രക്ചറില്‍ 100-110 കിലോമീറ്റര്‍വേഗതയേ സാധ്യമാവുകയുള്ളൂവെന്ന് ശശി തരൂരിന്റെ ഇതുസംബന്ധിച്ച ട്വീറ്റിന് മറുപടിയായി അലോക് കുമാര്‍ ട്വീറ്റ് ചെയ്തു. വന്ദേഭാരത് കേരളത്തില്‍ യാഥാര്‍ത്ഥ്യമാവണമെങ്കിലും ട്രാക്കുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു.

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 400 വന്ദേഭാരത് ട്രെയിനുകള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ പാതക്ക് പകരമാവുമോയെന്ന് പരിശോധിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്. 

''കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജകാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.'' തരൂര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ എഴുതി. സമാനമായ വിവരങ്ങള്‍ അദ്ദേഹം ട്വിറ്ററിലും പങ്കുവച്ചിരുന്നു.

കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ച കാസര്‍കോഡ്, തിരുവനന്തപുരം സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ കേരളത്തിന് ഉപകാരപ്രദമാണെന്നായിരുന്നു തരൂരിന്റെ നിലപാട്. എന്നാല്‍ ഈ അഭിപ്രായത്തോട് കോണ്‍ഗ്രസ്സിന് പൊതുവെ വിയോജിപ്പാണ്. ഇതിനെച്ചൊല്ലി തരൂരിനെതിരേ കേരളനേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതോടെയാണ് നിലപാട് മാറ്റി തരൂര്‍ രംഗത്തുവന്നത്.

Tags:    

Similar News