അധ്യാപകനെതിരേ ലൈംഗിക പീഡനാരോപണവുമായി പൂര്‍വ വിദ്യാര്‍ഥിനി

Update: 2022-07-01 17:00 GMT

കോഴിക്കോട്: കോളജ് അധ്യാപകനെതിരേ പീഡന ആരോപണവുമായി പൂര്‍വ വിദ്യാര്‍ഥിനി രംഗത്ത്. കോഴിക്കോട് കുറ്റിയാടി സ്വദേശിയും ഇപ്പോള്‍ ചെലവൂര്‍ ഭാഗത്ത് സ്ഥിരതാമസവുമാക്കിയ കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളജിലെ അധ്യാപകനുമായ വ്യക്തിക്കെതിരേയാണ് വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പൂര്‍വ വിദ്യാര്‍ഥിനി ആരോപണമുന്നയിച്ചിരിക്കുന്നത്. വിമന്‍ എഗെയ്ന്‍സ്റ്റ് സെക്‌സ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പൂര്‍വ വിദ്യാര്‍ഥിനിയുടെ തുറന്നുപറച്ചില്‍.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ 13ാം വയസ്സിലാണ് ആദ്യമായി അധ്യാപകന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്. പിന്നീട് അധ്യാപകന്റെ ഭാഗത്തുനിന്ന് ലൈംഗിക ചൂഷണം വര്‍ധിച്ചു. ആരുമില്ലാത്തപ്പോഴൊക്കെ അയാള്‍ സ്‌കൂളില്‍ വച്ച് പീഡിപ്പിക്കാന്‍ തുടങ്ങി. ആദ്യമായാണ് ജീവിതത്തില്‍ അത്രയധികം അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത്. അന്ന് താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച വ്യക്തിയാണ് ഇത് ചെയ്യുന്നതെന്ന് വിശ്വസിക്കാനും അംഗീകരിക്കാനും പ്രയാസമായിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും ചൂഷണം കൂടുതല്‍ വഷളായി. പിന്നീട് തന്നെ വൈകാരികമായി ഭീഷണിപ്പെടുത്തുകയും പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അധ്യാപന ജോലിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അയാള്‍. ഇനിയും വിദ്യാര്‍ഥികള്‍ അയാളുടെ ചൂഷണത്തിന് ഇരയാവാന്‍ സാധ്യതയുള്ളതിനാലാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്ന് പൂര്‍വ വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ കുറിച്ചു. ഏതെങ്കിലും രീതിയിലുള്ള പ്രയാസങ്ങളോ ആവശ്യങ്ങളോ ഉള്ള പെണ്‍കുട്ടികളെ കണ്ടുപിടിച്ച് ബന്ധം സ്ഥാപിച്ച ശേഷം അവരുടെ വിശ്വാസം നേടിയെടുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യലുമാണ് ഇയാളുടെ രീതി.

വിവരം പുറത്തുപറയുമെന്ന സാഹചര്യമുണ്ടായാല്‍ അവരെ ഭീഷണിപ്പെടുത്തലടക്കം പല രീതിയിലുള്ള ഉപദ്രവവും ചെയ്യാറുണ്ട്. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സാധിക്കുമ്പോള്‍ ഇതൊന്നും പുറം ലോകമറിയാതെ അയാള്‍ സുരക്ഷിതാനാവുന്നു. നിരവധി മാനസിക ബുദ്ധിമുട്ടിലൂടെയാണ് താന്‍ കടന്നുപോവുന്നത്. ഇപ്പോള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ചികില്‍സയിലാണ്.

പേടി, ആത്മഹത്യാ ചിന്ത എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ട്. ഇയാള്‍ കാരണം കുട്ടിക്കാലവും യുവത്വവും നഷ്ടപ്പെട്ട, കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട കുട്ടികളും സ്ത്രീകളും ഇനിയുമുണ്ടാവരുത്. അതിന് വേണ്ടിയാണ് അധ്യാപകനെ സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുന്നതെന്ന് പൂര്‍വ വിദ്യാര്‍ഥിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Full View

Tags:    

Similar News