ആലുവ: മലേറിയ എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ആലുവ നഗരസഭയെ ജില്ലയിലെ ആദ്യത്തെ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍ പ്രഖ്യാപനം നടത്തി.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി മലേറിയ എലിമിനേഷന്‍ പരിപാടിയുടെ റിപോര്‍ട്ട് നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണിന് കൈമാറി.
ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി.സൈമണ്‍ അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തര്‍,
വാര്‍ഡ് കൗണ്‍സിലര്‍ പി.പി.ജെയിംസ്,ഷൈനി ചാക്കോ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ഐ.സിറാജ് കൗണ്‍സിലര്‍ ഡീന ഷിബു എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് തല മലേറിയ ഇന്റര്‍സെക്ടറല്‍ യോഗങ്ങള്‍ നടത്തി.ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി 17 മലേറിയ പരിശോധന ക്യാമ്പുകള്‍ നടത്തി. പത്ത് വീടുകളില്‍ ഒരെണ്ണം എന്ന കണക്കില്‍ ആശമാരുടെ നേതൃത്വത്തില്‍ നഗരവാസികള്‍ക്കായി മലേറിയ പരിശോധന നടത്തി.
നഗരത്തിലെ സ്വകാര്യ ലാബുകളിലും സ്വകാര്യആശുപത്രികളിലും നടത്തുന്ന മലേറിയ പരിശോധന റിപ്പോര്‍ട്ടിംഗിന് ഏകീകൃത സ്വഭാവം ഏര്‍പ്പെടുത്തി.സമയബന്ധിതമായ ചിട്ടയായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ആലുവ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിച്ചത്.