അമരീന്ദര്‍-സിദ്ദു ഏറ്റുമുട്ടല്‍ ഡല്‍ഹിയിലേക്ക്; പഞ്ചാബും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുമോ?

Update: 2021-06-22 16:36 GMT

ടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ കാര്യങ്ങള്‍ കുഴയുന്ന മട്ടാണ്. 2017 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചുവരുമെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് എല്ലാവരെയും അദ്ഭുതപ്പെടുത്തി ജയിച്ചുകയറി വരിക മാത്രമല്ല, സര്‍ക്കാരും രൂപീകരിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സംസ്ഥാനത്തെ പ്രമുഖരായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കനത്ത പോരാട്ടത്തിലാണ്. ഒരാള്‍ ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ, ക്യാപ്റ്റന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. അടുത്തയാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതാഹസതാരമായ നവജ്യോത് സിങ് സിദ്ദു. അദ്ദേഹം പഞ്ചാബ് നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എയുമാണ്. 

2019വരെ പഞ്ചാബ് മന്ത്രിസഭാംഗമായിരുന്ന സിദ്ദു തുടക്കം മുതലേ ക്യാപ്റ്റനുമായി നീരസ്സത്തിലായിരുന്നു. തന്റെ വകുപ്പുകള്‍ പല തവണ മാറ്റി മറിച്ചതില്‍ സിദ്ദുവിന് ക്യാപ്റ്റനോട് വലിയ വിരോധമുണ്ടെന്നത് രഹസ്യമല്ല. അതിനിടയിലാണ് ഇമ്രാംഖാന്റെ ക്ഷണം സ്വീകരിച്ച് സിദ്ദു പാകിസ്താനിലേക്ക് പോയത്. പുല്‍വാമ ആക്രമണത്തെ കുറിച്ച് പറഞ്ഞ ഒരു അഭിപ്രായം ബിജെപി ഉപയോഗപ്പെടുത്തിയ കാലമായിരുന്നു അത്. വിവാദം കത്തിപ്പടര്‍ന്നതോടെ സിദ്ദു 2019ല്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നതും സിദ്ദു പതിവാക്കി.

ഇതിനിടയില്‍ സിദ്ദു ആപ്പുമായി ചില നീക്കുപോക്കുകള്‍ ഉണ്ടാക്കിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. മുഖ്യന്‍ നുണയനാണെന്ന പ്രകോപനപരമായ പ്രസ്താവനയിലൂടെയാണ് സിദ്ദു അതിനെ നേരിട്ടത്.

ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ മല്ലികാര്‍ജുന്‍ കാര്‍ഗെ അടക്കമുളള മൂന്നംഗ എഐസിസി കമ്മീഷന്‍ പ്രശ്‌ന പരിഹാരത്തിനുവേണ്ടി ക്യാപ്റ്റനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. ഇതിന്റെ ഭാഗമായി രാഹുലും സിദ്ദുവിനെ കണ്ടിരുന്നു. അതിന്റെ ഫലമെന്താണെന്ന് വ്യക്തമല്ല.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ്സിന് പഞ്ചാബ് നഷ്ടപ്പെടുമോ എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭയം. രാജ്യത്ത് ചുരുക്കം സംസ്ഥാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന്റെ കയ്യിലുളളത്. അക്കാര്യത്തില്‍ പഞ്ചാബിന് പ്രധാന സ്ഥാനമാണ് ഉള്ളത്. അതും കൂടി നഷ്ടപ്പെടുത്തിയാല്‍ പാര്‍ട്ടിയെ അഖിലേന്ത്യാ തലത്തില്‍ തന്നെ ബാധിച്ചേക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു.

പഞ്ചാബിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് ഇത്തവണ മെച്ചപ്പെട്ട ഒരു അവസ്ഥയിലാണ് നില്‍ക്കുന്നത്. 2017 നെക്കാള്‍ മെച്ചപ്പെട്ടതെന്നു പോലും പറയാം. കര്‍ഷക സമരമുണ്ടാക്കിയ പ്രതിസന്ധി ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. അവരുടെ സഖ്യകക്ഷിയായ അകാലിദളാകട്ടെ ബിജെപി വിട്ട് പുറത്തുപോയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ അവര്‍ ബിഎസ്പിയുമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. 34 ശതമാനം ദലിതരുളള പഞ്ചാബില്‍ അത് ശ്രദ്ധേയമായ കാര്യമാണെങ്കിലും ബിഎസ്പി പഴയ പോലെ ദലിത് വോട്ടുകളുടെ ഏക അവകാശികളല്ല. പഞ്ചാബില്‍ നിന്ന് ആരംഭിച്ചതാണ് കാന്‍ഷിറാമിന്റെ ദലിത് മുന്നേറ്റമെങ്കിലും പിന്നീട് അത് യുപിയിലാണ് വളര്‍ന്ന് പന്തലിച്ചത്. യുപിയിലുളളത്ര സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അകാലി- ബിഎസ്പി സഖ്യത്തിന്റെ സാധ്യത വളരെയൊന്നുമുണ്ടാകില്ല.

അടുത്തത് ആംആദ്മി പാര്‍ട്ടിയാണ്. കഴിഞ്ഞ തവണ ഇരുപതോളം സീറ്റുകള്‍ നേടി ആപ്പ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചെങ്കിലും അത് തുടരാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. പഞ്ചാബ് സിക്ക് രാഷ്ട്രീയത്തില്‍ ആം ആദ്മിയുടെ സ്വാധീനം അത്ര പോരെന്നാണ് പലരും പറയുന്നത.് കാരണം ജാതിയും മതവും ഏറെ സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതു മുന്നില്‍ കണ്ട് അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിക്കുകാരനാവുമെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ട് കാര്യമുണ്ടാകുമോ എന്ന് കണ്ടറിയണം. അത് സിദ്ദുവിനെ കണ്ടാണോ എന്നും വ്യക്തമല്ല. കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം സ്വന്തം കൈപ്പിടിയില്‍ ഒതുങ്ങുന്ന ഒരാളെയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ സിദ്ദു അനുയോജ്യനല്ലെന്നാണ് കരുതപ്പെടുന്നത്. ദേഷ്യം പിടിച്ചപ്പോള്‍ ക്രിക്കറ്റ് മല്‍സരം പാതി നിര്‍ത്തി ഇംഗ്ലണ്ടില്‍ നിന്ന് വണ്ടികയറിയ ആളാണ് സിദ്ദു.

തന്നെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന മേധാവിയാക്കണമെന്നാണ് ഇപ്പോള്‍ സിദ്ദുവിന്റെ ആവശ്യം. സിദ്ദുവിനൊപ്പം നിന്നിരുന്നവര്‍ പോലും ക്യാപ്റ്റന്‍ പക്ഷത്തേക്ക് നീങ്ങിയതായി വിവരമുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യം നടക്കുമോ എന്ന് വ്യക്തമല്ല.

രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്ന പോലെ ഇനി സിദ്ദുവിന്റെ മുന്നില്‍ മൂന്ന് സാധ്യതകളാണ് ഉള്ളത്- കോണ്‍ഗ്രസ്സില്‍ തുടരുക, ബിജെപിയില്‍ തിരികെപ്പോവുക, ആം ആദ്മിയില്‍ ചേരുക, അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുക.

ഈ ഘട്ടത്തില്‍ ബിജെപിയില്‍ ചേരുന്നത് നഷ്ടക്കച്ചവടമാണെന്ന് വ്യക്തമാണ്. കാരണം കര്‍ഷക സമരം തുടങ്ങിയതോടെ ഉള്ളവര്‍ തന്നെ മുഖം രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. പിന്നെയുള്ളത് പുതിയ പാര്‍ട്ടിയാണ്. അത് സാധ്യമാണോ? പിന്നെ എന്തായിരിക്കും സിദ്ദു സ്വീകരിക്കുക?

അത് എന്തായാലും കോണ്‍ഗ്രസ്സിന്റെ ഭാവി തീരുമാനിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ഇപ്പോഴും പഞ്ചാബില്‍ അത്യാവശ്യം ജനസ്വാധീനമുള്ള നേതാവാണ് സിദ്ദു എന്നിരിക്കെ.

Tags:    

Similar News