'അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം'; പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം
ചണ്ഡിഗഢ്: കോണ്‍ഗ്രസ് നേതവ് നവ്‌ജ്യോത് സിങ് സിദ്ദുവുമായി ബന്ധപ്പെട്ട പ്രശ്‌നം രമ്യമായി പരിഹരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം. മുഖ്യമന്ത്രി അമരീന്ദര്‍ സങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 32 പാര്‍ട്ടി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുപുറമെ നാല് മന്ത്രിമാരും പങ്കെടുത്തു. അമരീന്ദര്‍സിങ്ങില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് എംഎല്‍എമാരുടെ പരാതി. പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്സിന് ആകെ 80 എംഎല്‍എമാരാണ് ഉള്ളത്.
പുതുതായി നേതൃത്വത്തില്‍ നിയമിക്കപ്പെട്ട സിദ്ദുവും മറ്റ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കാബിനറ്റ് മന്ത്രി ത്രിപാട് രജിന്ദര്‍ സിങ് ബജ്‌വായുടെ ഔദ്യോഗികവസതിയിലായിരുന്നു യോഗം. അതുതന്നെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.
യോഗത്തില്‍ പങ്കെടുത്ത ഏതാനും എംഎല്‍എമാര്‍ പിന്നീട് സിദ്ദുവിനെ കോണ്‍ഗ്രസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി നേരില്‍ കണ്ടിരുന്നു.
ചരന്‍ജീത് സിങ് ഛന്നിയായണ്് യോഗത്തിനെത്തിയ മറ്റൊരു മന്ത്രി. യോഗത്തില്‍ പങ്കെടുത്ത നാല് മന്ത്രിമാരും മറ്റ് രണ്ട് മന്ത്രിമാരും സിദ്ദു പക്ഷക്കാരായി അറിയിപ്പെടുന്ന ജനറല്‍ സെക്രട്ടറി പര്‍ഗത് സിങ്ങുമൊത്ത് പഞ്ചാബ് കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് ഹരിഷ് റാവത്തിനെ അദ്ദേഹത്തിന്റെ ഡറാഡൂണിലെ ഓഫിസ് സന്ദര്‍ശിക്കാനിരിക്കുകയാണ്.
അതിനും പുറമെ നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയവും ചോദിച്ചിട്ടുണ്ട്. ബജ്‌വയ്ക്കു പുറമെ സുഖ്ജിന്‍ഡര്‍ സിങ് രന്‍ധാവ, സുഖ്ബിന്ദര്‍ സിങ് സര്‍ക്കാരിയ തുടങ്ങിയ മന്ത്രിമാരും പ്രതിനിധി സംഘത്തില്‍ ഉണ്ടാവും. രന്‍ഡാവയും സര്‍കാരിയയും ചൊവ്വാഴ്ചയിലെ യോഗത്തിലും പങ്കെടുത്തു.