തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്ക് ചെടി നഴ്‌സറിയിലെ കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പോലിസ് പുറത്തു വിട്ടു. സംഭവം നടന്ന ദിവസം അമ്പലമുക്ക്, കുറവന്‍കോണം റോഡിലൂടെ സംശയാസ്പദമായി മുഖംമറച്ച് നടന്നുപോകുന്നയാളിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ കൈയില്‍ മുറിപ്പാടുണ്ടായിരുന്നതായും സാക്ഷിമൊഴിയുമുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലനഗറില്‍ ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി വിനിതമോള്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിനിതയുടെ നാലരപ്പവന്റെ മാല നഷ്ടമായിട്ടുണ്ട്. എന്നാല്‍ വില്പനശാലയിലെ കലക്ഷന്‍ പണമായ 25,000 രൂപ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു.
ജനവാസ മേഖലയിലാണ് അലങ്കാരച്ചെടി വില്പന കേന്ദ്രമെങ്കിലും പരിസരവാസികളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളൊന്നും പോലിസിന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നില്ല. ഇവിടെ സിസി ടിവി കാമറകളില്ലെങ്കിലും സമീപത്തെ ലഭ്യമായ കാമറ ദൃശ്യങ്ങളെല്ലാം പോലിസ് ശേഖരിച്ചിട്ടുണ്ട്. അതില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടത്.
അവധിദിവസമായ ഞായറാഴ്ച വിനിത ചെടികള്‍ നനയ്ക്കാനെത്തുമെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കാം കൃത്യത്തിന് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്. അഞ്ചിഞ്ചോളം വലിപ്പത്തില്‍ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. കൊല്ലപ്പെട്ട വിനിതയുടെയും കടയുടമയുടെയും ജീവനക്കാരുടെയും ഫോണ്‍കാള്‍ വിശദാംശങ്ങള്‍ ശേഖരിച്ച പോലിസ് കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകളിലേക്ക് വന്നതും പോയതുമായ കാളുകളുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.